
പ്രമാടം : പ്രമാടത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. ചൂട് വർദ്ധിച്ചതോടെ ശല്യം സഹിക്കാൻ പറ്റാതെയായി. കഴിഞ്ഞ ദിവസം മറൂരിൽ ട്യൂഷൻ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായ പ്രദേശത്ത് ഭീതി പരത്തിയിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് കുട്ടികൾ കടി ഏൽക്കാതെ രക്ഷപെട്ടത്. മൂന്ന് സ്കൂളുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ എത്തുന്ന പ്രമാടം സ്കൂൾ ജംഗ്ഷൻ ഇപ്പോൾ തെരുവുനായ്കളുടെ താവളമാണ്. പത്ത് നായ്ക്കളാണ് ഇവിടെ മാത്രമുള്ളത്. പൂങ്കാവ് - പത്തനംതിട്ട റോഡിലും സ്കൂൾ ജംഗ്ഷൻ - അമ്പല ജംഗ്ഷൻ റോഡിലും സ്കൂൾ ജംഗ്ഷൻ - മങ്ങാട്ടുപടി റോഡിലും തമ്പടിച്ചിരിക്കുന്ന നായക്കൂട്ടം ആക്രമണത്തിന് ശ്രമിക്കുന്നുണ്ട്. കുട്ടികളെ രക്ഷിതാക്കളാണ് സ്കൂളുകളിൽ എത്തിക്കുന്നതും മടക്കി കൊണ്ടുപോകുന്നതും.
പാറക്കടവ് പാലത്തിന് സമീപവും നായശല്യം
പാറക്കടവ് പാലവും പരിസരവുമാണ് മറ്റൊരു പ്രധാന താവളം. രാത്രിയിൽ മത്സ്യ, മാംസ അവശിഷ്ടങ്ങൾ കവറുകളിൽ കെട്ടി ഇവിടെ നിക്ഷേപിക്കുന്നത് നായ ശല്യം കൂടാൻ കാരണമാകുന്നു. അടുത്തിടെ പ്രഭാത സവാരിക്കാർക്ക് നേരെ നായ ആക്രമണത്തിന് ശ്രമിക്കുകയും രണ്ടുപേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുചക്രവാഹനത്തിൽ പോകുന്നവരെയും ഇവ പിൻതുടർന്ന് ആക്രമിക്കുന്നുണ്ട്. നായ പിന്നാലെ ഓടിയുള്ള അപകടങ്ങളും പതിവാണ്. പ്രമാടം സ്കൂൾ ജംഗ്ഷൻ, തകടിയത്ത്മുക്ക്, മൃഗാശുപത്രിപടി, പൂങ്കാവ് ജംഗ്ഷൻ, തെങ്ങുംകാവ്, വട്ടക്കുളഞ്ഞി എന്നിവിടങ്ങളെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്.
..............................................................................................................
നാടിന് ഭീഷണിയായി മാറിയിരിക്കുന്ന തെരുവുനായകളെ പ്രതിരോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |