കൊല്ലം: കരുനാഗപ്പള്ളി പൊലീസ് ലോക്കപ്പ് മർദ്ദനത്തിനെതിരെ അഭിഭാഷകർ നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ചെന്ന കേസിൽ പ്രതികളായ ഏഴ് അഭിഭാഷകരെയും കോടതി വെറുതെ വിട്ടു. കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് ലോക്കപ്പിൽ മർദ്ദിച്ചതിനെതിരെ പ്രതിഷേധിച്ച് നടത്തിയ അഭിഭാഷകരുടെ പ്രകടനത്തിനിടെയാണ് സംഭവം.
കളക്ടറേറ്റിനുള്ളിൽ വെച്ച് പൊലീസ് വാഹനം തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും പൊലീസ് വാഹനത്തിന് സാരമായ നാശനഷ്ടം വരുത്തിയെന്നും ആരോപിച്ച് കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ അംഗങ്ങളായ ജോസ് കുണ്ടറ, കബീർ ഷാ, ധീരജ് രവി, പ്രദീപ് വിജയൻ, സജീവ് ബാബു, വിവേക്, ആനന്ദ് ബ്രഹ്മാനന്ദ് എന്നിവരെയാണ് വെറുതെ വിട്ട് ചവറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബിനു ഉത്തരവായത്.
കേരളത്തിലെ മുഴുവൻ ബാർ അസോസിയേഷനുകളും സമരത്തിൽ പങ്കെടുത്ത് പത്ത് ദിവസത്തോളം കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും തുടർന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
കേസ് രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസവും സാക്ഷികളായ പൊലീസുകാരുടെ മൊഴികളിലെ വൈരുദ്ധ്യവും നിഷ്പക്ഷ സാക്ഷികളുടെ അഭാവവും പ്രോസിക്യൂഷൻ ആരോപണങ്ങൾ അവിശ്വസിക്കാൻ കാരണമായയതായി കോടതി കണക്കാക്കി. അവ്യക്തവും മതിയായ രേഖകളുടെ പിൻബലവുമില്ലാതെ ഹാജരാക്കിയ സി.സി ടി.വി ദൃശ്യങ്ങളും കോടതി പരിഗണിച്ചില്ല.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പനമ്പിൽ ജയകുമാർ, മരുത്തടി എസ്.നവാസ്, പി.ആർ.വാൾട്ടർ, പി.കെ.റോണി എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |