കൊല്ലം: ക്യാമറക്കണ്ണെത്താത്തിടത്തെ നിയമലംഘനം പിടികൂടാൻ നിരത്തിലിറക്കിയ മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാർ ഒന്നരമാസമായി തലസ്ഥാനത്ത് വിശ്രമത്തിൽ. എം.എസ്.വി.ഡി.എസ് (മൊബൈൽ സ്പീഡ് വയലേഷൻ സിസ്റ്റം) ഘടിപ്പിച്ച നെക്സോൺ ഇ.വി കാറാണ് കെൽട്രോണിന് സർക്കാർ നൽകാനുള്ള തുക കുടിശ്ശികയായതോടെ തലസ്ഥാനത്ത് കുടുങ്ങിയത്.
സാങ്കേതിത സഹായമില്ലാതെ 'എ.ഐ' പ്രവർത്തിക്കാത്തതിനാൽ തിരികെ വന്നിട്ടും കാര്യമില്ല. സ്ഥിരം ക്യാമറകളില്ലാത്തതും നിയമലംഘനങ്ങൾ കൂടുതലായി നടക്കുന്നതുമായ മേഖലകളിലാണ് വാഹനം എത്തിച്ചിരുന്നത്. അമിതവേഗം ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ ക്യാമറയിൽ പതിയുന്നതിനാൽ വാഹന ഉടമകൾക്ക് കുറ്റം നിഷേധിക്കാനും പ്രയാസമായിരുന്നു.
കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിനായി ഒരു എം.എസ്.വി.ഡി.എസ് വാഹനമാണുള്ളത്. ഓരോ ജില്ലയ്ക്കും മാസം പത്ത് ദിവസം വീതമാണ് വാഹനം ലഭിക്കുന്നത്.
എ.ഐ അധിഷ്ഠിത ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളാണ് വാഹനത്തിലുള്ളത്. നിയമലംഘനത്തിന്റെ ചിത്രങ്ങളും വാഹനവിവരങ്ങളും കെൽട്രോൺ വഴി കൊട്ടാരക്കര സിവിൽ സ്റ്റേഷനിലെ എം.വി.ഡി കൺട്രോൾ റൂമിലാണ് ലഭിക്കുക. ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് പിഴ ഈടാക്കിയിരുന്നത്.
കെൽട്രോണിന് കുടിശ്ശിക 60 കോടി
കഴിഞ്ഞ തവണ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ വാഹനം ഒന്നരമാസമായിട്ടും തിരിച്ചെത്തിയിട്ടില്ല
കെൽട്രോണിന് സർക്കാർ നൽകാനുള്ള കുടിശ്ശിക 60 കോടിയോളം
ക്യാമറ ശേഖരിക്കുന്ന ഡേറ്റ കെൽട്രോൺ മോട്ടോർ വാഹനവകുപ്പിന് കൈമാറുന്നില്ല
ഇതോടെ കാർ തിരുവനന്തപുരത്ത് പിടിച്ചിട്ടു
പഴയ ഇന്റർസെപ്ടർ വാഹനത്തിന് പകരമായാണ് നെക്സോൺ ഇ.വി എത്തിയത്
പുതിയ വാഹനത്തിൽ വേഗപരിധി ലംഘനം കണ്ടെത്തി ചെല്ലാൻ നൽകലാണുള്ളത്
ഇന്റർസെപ്ടറിൽ എ.എൻ.പി.ആർ ക്യാമറ, സ്പീഡ് റഡാർ, ആൽക്കോമീറ്റർ, ലക്സ് മീറ്റർ, ടിന്റ് മീറ്റർ, സൗണ്ട്-ലെവൽ മീറ്റർ എന്നിവയുണ്ടായിരുന്നു
എ.എൻ.പി.ആർ ക്യാമറയ്ക്ക് 500മീറ്റർ പരിധിയിൽ വാഹന നമ്പർ കണ്ടെത്താനാകും
എ.ഐ ക്യാമറകൾ 46
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ്ഥാപിച്ച 58 എ.ഐ ക്യാമറകളിൽ നിലവിൽ 46 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. റോഡ് നിർമ്മാണം നടക്കുന്നതിനാൽ 10 ക്യാമറകൾ അഴിച്ചുമാറ്റിയപ്പോൾ രണ്ടെണ്ണം അപകടങ്ങളിൽ തകർന്നു. പ്രവർത്തിക്കുന്ന ക്യാമറകൾ നിയമലംഘനങ്ങളുടെ ദൃശ്യങ്ങളും ഡാറ്റയും ശേഖരിക്കുന്നുണ്ടെങ്കിലും കെൽട്രോണുമായുള്ള തർക്കത്തെ തുടർന്ന് ചെല്ലാൻ നൽകുന്നില്ല.
കുടിശ്ശിക പ്രശ്നം പരിഹരിച്ചാൽ ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ ഉടൻ ചെല്ലാൻ നൽകാനാകും.
മോട്ടോർ വാഹന വകുപ്പ് അഝികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |