
കൊച്ചി: കള്ളുചെത്ത് മുതൽ വിൽക്കും വരെയുള്ള നടപടികൾ തത്സമയം രേഖപ്പെടുത്താൻ എക്സൈസ് വകുപ്പ് വികസിപ്പിച്ച മൊബൈൽ ആപ്ളിക്കേഷൻ ചെത്തുകാർക്കും ലൈസൻസികൾക്കും വിനയായേക്കും. ട്രാക്ക് ആൻഡ് ട്രേസെന്ന ആപ്ളിക്കേഷനിലെ പല നിർദ്ദേശങ്ങളും അപ്രായോഗികം. തെങ്ങു നിൽക്കുന്ന ഭൂമിയുടെ കരമടച്ച രസീത്, കള്ളളവിൽ ലൈസൻസികളുടെ സാന്നിദ്ധ്യം എന്നിവ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നാണ് ലൈസൻസികൾ പറയുന്നു.
വ്യാജ കള്ളും മായം ചേർക്കലും തടയണമെന്ന സദുദ്ദേശ്യമാണ് ആപ്പിന് പിന്നിലെങ്കിലും, കള്ളുവ്യവസായത്തിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് വ്യവസ്ഥകളെന്നാണ് ആക്ഷേപം.
തെങ്ങുകളുടെ ഡാറ്റാബേസ് ആപ്പ് വഴി ചേർത്താലേ ചെത്ത് ലൈസൻസിനും ട്രാൻസ്പോർട്ട് പെർമിറ്റിനും അപേക്ഷ സ്വീകരിക്കൂവെന്നായിരുന്നു നിർദ്ദേശം. ലൈസൻസികളുടെ പ്രതിഷേധത്തെ തുടർന്ന് എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു ഇത് മരവിപ്പിച്ചിരുന്നു. എന്നാൽ ഒക്ടോബർ ഒന്ന് മുതൽ രണ്ട് മാസത്തിനകം ആപ്പിന്റെ നടപടി പൂർത്തിയാക്കണം. പെർമിറ്റ്, ട്രാൻസ്പോർട്ട് പെർമിറ്റ്, കള്ള് വാഹന വിവരം, തെങ്ങു നിൽക്കുന്ന ഭൂമിയുടെ കരമടച്ച രസീത് എന്നിവ ആപ്പിൽ ചേർക്കണം. കരമടച്ച രസീത് നൽകാൻ ഭൂവുടമകൾ ഭൂരിപക്ഷവും സന്നദ്ധരല്ല.
ഒരേ സമയം പലയിടത്ത് പോകണം
ആപ്പിൽ ചെത്തു തെങ്ങുകളെല്ലാം ജിയോ ടാഗ് ചെയ്യണം. തോട്ടത്തിൽ നിന്നോ തെങ്ങിന്റെ സമീപത്ത് നിന്നോ കള്ള് വാഹനത്തിൽ കയറ്റുന്ന സമയത്ത് ലൈസൻസി സ്വന്തം ഫോണിലെ ആപ്പിൽ അളവ് രേഖപ്പെടുത്തണം. നിരവധി കള്ളുഷാപ്പുകൾ ലൈസൻസിയുടെ പേരിലുണ്ടാകും. പക്ഷേ ഒരു സമയം ഒരാൾക്കേ ആപ്പ് കൈകാര്യം ചെയ്യാനാകൂ. ആ സമയം ലൈസൻസി ജിയോ ടാഗ് ചെയ്ത തെങ്ങിന്റെ 50 മീറ്ററിനുള്ളിലാകണം. ചെത്തുന്ന തെങ്ങുകളിൽ എക്സൈസ് നമ്പറിടണം, അടയാളമിടണം.
ആപ്പുകൾ രണ്ട്
ലൈസൻസിംഗ് കാര്യങ്ങൾക്കായി ഇ ടോഡിയെന്ന മറ്റൊരു ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും ചെത്തുകാർക്കും ലൈസൻസികൾക്കും ആപ്പിൽ പരിശീലനം നൽകും.
ആപ്പുകൾ നടപ്പാക്കുന്നതിൽ എതിർപ്പില്ല. മൂന്ന് വർഷം മുമ്പ് കൊണ്ടുവന്ന ഓൺലൈൻ ലൈസൻസിംഗും ഓൺലൈൻ ലേലവും കുറ്റമറ്റതായിട്ടില്ല. പ്രതിസന്ധിയിൽ മുങ്ങിയ വ്യവസായത്തെ ഇല്ലാതാക്കരുത്.
-അജിത് ബാബു, ജനറൽ സെക്രട്ടറി
ടോഡി ഷോപ്പ് ലൈസൻസി അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |