
കൊച്ചി: പിച്ചവച്ചത് മുതൽ റാമ്പിലെ മിന്നുംതാരമാണ് അഞ്ചുവയസുകാരി ഐറ രാഹുൽ. സൗന്ദര്യമത്സരങ്ങളിലെ 25 സൂപ്പർ കിഡ് പ്രിൻസസ് കിരീടങ്ങളിൽ മുത്തമിട്ടാണ് ഈ കൊച്ചുസുന്ദരി ശ്രദ്ധേയയാകുന്നത്. കഴിഞ്ഞദിവസം ബംഗളൂരുവിൽ നടന്ന 13 വയസിൽ താഴെയുള്ള കുട്ടികളുടെ അൾട്ടിമേറ്റ് ഗ്ലാമർ ഷോ ഒഫ് ദ ഇയർ സൗന്ദര്യ മത്സരത്തിലാണ് 25-ാമത് ടൈറ്റിൽ നേടിയത്. മറ്റ് കാറ്റഗറിയിലെ മത്സരാർത്ഥികൾ അണിനിരന്ന പേജെന്റിലും കേരളത്തെ പ്രതിനിധീകരിച്ച ഐറ തിളങ്ങി. തന്നേക്കാൾ ഉയരമുള്ള ഗ്രാൻഡ് പ്രീ ട്രോഫിയുമായാണ് കൊല്ലം അയത്തിലെ വീട്ടിലേക്ക് മടങ്ങിയത്.
മൂന്നാം വയസിൽ വർക്കലയിലെ ഒരു ഡിസൈനർ ഷോയിലാണ് ആദ്യം പങ്കെടുത്തത്. ഡിസൈനർ ഷോയടക്കം 60ൽ അധികം വേദികളിൽ ഭാഗമായിട്ടുണ്ട്. കളരി, ഡാൻസ്, ചിത്രരചന, സ്‌കേറ്റിംഗ് എന്നീ മേഖലകളിലും മിടുക്കി. പഠനത്തിലും മുന്നിൽ. മോഡലിംഗിനൊപ്പം യുദ്ധവിമാനങ്ങളുടെ പൈലറ്റ് ആകണമെന്ന ആഗ്രഹവും ആ കുഞ്ഞുമനസിലുണ്ട്.
അമ്മയുടെ ആഗ്രഹം മകളിലൂടെ
അറിയപ്പെടുന്നൊരു ഫാഷൻ മോഡലാകണമെന്നായിരുന്നു ഐറയുടെ അമ്മ ഫിദയുടെ ആഗ്രഹം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടും കുടുംബത്തിന്റെ പിന്തുണയില്ലാത്തതും കാരണം മോഡലിംഗിൽ മുന്നോട്ട് പോകാനായില്ല. തന്റെ ആഗ്രഹം മകളിലൂടെ നേടിയെടുക്കാനുള്ള കഠിനാദ്ധ്വാനമാണ് ഐറയെ ചെറുപ്രായത്തിലേ റാമ്പിലെത്തിച്ചത്. അമ്മയുടെ മിസ് വേൾഡ് സ്വപ്നത്തിലെത്തണമെന്നാണ് കുഞ്ഞ് ഐറയുടെ വലിയ ആഗ്രഹം. കൊല്ലം ലിറ്റൽ ഹാൻഡ്‌സ് മോണ്ടിസോറി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്. പ്രവാസിയായ അച്ഛൻ രാഹുലും മകളുടെ ഇഷ്ടത്തിനൊപ്പം കൂടെയുണ്ട്.
ചെറുപ്പം മുതൽ മോഡലിംഗ് റീലുകൾ മകളെ കാണിക്കുമായിരുന്നു. പിന്നീട് സൗന്ദര്യ മത്സരങ്ങളിലേക്ക് തിരിഞ്ഞു. മകളുടെ ആഗ്രഹം പോലെ മുന്നോട്ട് പോകാനാണ് തീരുമാനം.
അമ്മ ഫിദ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |