SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.52 PM IST

കൊച്ചി വീണു, തൃശൂരിന് കരുത്തായത് 'സ്വർണം', മൂന്നാം സ്ഥാനത്ത് കോഴിക്കോട്: കേരളത്തിലെ മികച്ച നഗരം?

thrissur
പ്രതീകാത്മക ചിത്രം

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന വിശേഷണമുള്ള കൊച്ചിക്ക് ആഗോള നഗരസൂചികയിൽ തിരിച്ചടി. സ്വതന്ത്ര സാമ്പത്തിക ഉപദേശക സ്ഥാപനമായ ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് പുറത്തുവിട്ട 'ഗ്ലോബൽ സിറ്റി ഇൻഡെക്‌സ് 2026" റിപ്പോർട്ടിൽ, കേരളത്തിലെ നഗരങ്ങളിൽ കൊച്ചി രണ്ടാം സ്ഥാനത്തേയ്ക്ക് വീണു! തൃശൂരാണ് മെട്രോ സിറ്റിയെ കടത്തിവെട്ടി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

2024ലെ പ്രഥമ ഇൻഡെക്‌സിൽ ആഗോളതലത്തിൽ 521-ാം റാങ്കുമായി കൊച്ചിയായിരുന്നു കേരളത്തിൽ മുന്നിൽ. പുതിയ പട്ടികയിൽ കൊച്ചി 489-ാം റാങ്കിലേക്ക് ഉയർന്നെങ്കിലും ഒന്നാം സ്ഥാനം നിലനിറുത്താനായില്ല. 477-ാം റാങ്ക് നേടി തൃശൂർ മികവുകാട്ടി. കോഴിക്കോട് (499) മൂന്നാം സ്ഥാനത്താണ്. ലോകത്തെ 163 രാജ്യങ്ങളിലെ 1,000 നഗരങ്ങളിലെ സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ അഞ്ച് മേഖലകൾ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.


മനുഷ്യവിഭവശേഷിയിൽ കൊച്ചിയും കോഴിക്കോടും മുന്നിലാണെങ്കിലും സാമ്പത്തിക ശേഷി, ജീവിതനിലവാരം, പരിസ്ഥിതി എന്നിവയിൽ തൃശൂർ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും സ്വർണാഭരണ വ്യവസായങ്ങളുടെയും കേന്ദ്രീകരണം, മികച്ച ആരോഗ്യ മേഖല, ഹരിത ഇടങ്ങൾ എന്നിവ തൃശൂരിന് കരുത്തായി. തൃശൂർ കോർപ്പറേഷന്റെ പ്ലാനിംഗും അടിസ്ഥാനസൗകര്യ വികസനവും നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തിയതായി റിപ്പോർട്ടിൽ പറയുന്നു.


ദേശീയതലത്തിൽ ഡൽഹി, ബംഗളൂരു, മുംബയ്, ചെന്നൈ, ഹൈദരാബാദ്, പൂനെ എന്നിവയ്ക്ക് പിന്നിൽ ഏഴാം സ്ഥാനത്തുണ്ട് തൃശൂർ. കൊൽക്കത്ത (496), അഹമ്മദാബാദ് (571) തുടങ്ങിയ വൻ നഗരങ്ങളെക്കാൾ മുന്നിൽ. ജി.ഡി.പിക്ക് പുറമെ വായുവിന്റെ ഗുണനിലവാരം, വരുമാന സമത്വം, ബിസിനസ് സുഗമത തുടങ്ങി 27 സൂചകങ്ങളും പട്ടിക തയ്യാറാക്കാൻ വിശകലനം ചെയ്യും. ഔദ്യോഗിക വിവരങ്ങൾക്കൊപ്പം സാറ്റലൈറ്റ് വിവരങ്ങളും സാമ്പത്തിക മോഡലിംഗും പ്രയോജനപ്പെടുത്തി.


 ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ്

1981ൽ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുടെ ബിസിനസ് കോളേജുമായി സഹകരിച്ച് യു.കെയിൽ സ്ഥാപിതമായതാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ്. ഇവർ തയ്യാറാക്കുന്ന ആഗോള നഗര സൂചികയാണ് ഗ്ലോബൽ സിറ്റി ഇൻഡെക്‌സ്.


 നഗരം - റാങ്ക്
തൃശൂർ 477
കൊച്ചി 489
കോഴിക്കോട് 499
കൊല്ലം 623
തിരുവനന്തപുരം 624
കോട്ടയം 696
കണ്ണൂർ 772


(ഗ്ലോബൽ സിറ്റി ഇൻഡെക്‌സിൽ മുന്നിലുള്ള ലോക നഗരങ്ങൾ)

1. ന്യൂയോർക്ക്
2. ലണ്ടൻ
3. പാരീസ്
4. സീറ്റിൽ
5. സാൻഫ്രാസിസ്‌കോ
6. ഡബ്ലിൻ
7. ബോസ്റ്റൺ
8. സാൻജോസ്
9. ടോക്കിയോ
10. സൂറിച്ച്

English Summary

Kochi dropped to second place among Kerala cities in Oxford Economics' 'Global City Index 2026' report. Thrissur surpassed Kochi, securing the top spot in the state with a global rank of 477, while Kochi ranked 489th. Thrissur excelled in economic capacity, quality of life, and environment, moving ahead of the state's traditional financial capital.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEST CITY KERALA, KOCHI, THRISSUR, KOZHIKODE, KERALA CITY RANKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA