SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.54 AM IST

എസ്.എസ്.എൽ.സി പരീക്ഷ: മാർക്ക് വാരിക്കോരി നൽകി വിജയംകൂട്ടി

READ ENGLISH VERSION
mark

തിരുവനന്തപുരം: എസ്.എസ്.എൽ.സി വിജയശതമാനം കുത്തനേ ഉയർത്താൻ നിരന്തര മൂല്യനിർണയത്തിൽ കഴിഞ്ഞ വർഷങ്ങളിൽ മാർക്ക് വാരിക്കോരി നൽകി. പരീക്ഷാഭവന്റെ രേഖകൾ ഇതിനു സാക്ഷ്യം. വിജയ ശതമാനം 99.99 വരെയെന്ന് ക്രെഡിറ്റ് നേടാനുള്ള സൂത്രപ്പണി.

2025 മാർച്ചിലെ പരീക്ഷയിൽ 10 മാർക്കിന്റെ നിരന്തര മൂല്യനിർണയ വിഷയങ്ങൾക്ക് ശരാശരി 9.99 മാർക്ക് നൽകി. 20 മാർക്കിന്റെ വിഷയങ്ങൾക്ക് 19.99 മാർക്കും. മുൻ വർഷങ്ങളിലും ഇതായിരുന്നു സ്ഥതി. ഓരോ വിഷയത്തിനും നൽകിയ മാർക്കിന്റെ സംസ്ഥാന ശരാശരിയാണിത്. 50 മാർക്കിന്റെ പരീക്ഷയ്ക്ക് എഴുത്തു പരീക്ഷയിൽ അഞ്ചും 100 മാർക്കിന്റേതിൽ എഴുത്തു പരീക്ഷയ്ക്ക് പത്തും മാർക്ക് നേടിയാൽ മതി ജയിക്കാൻ.

നിരന്തര മൂല്യനിർണയത്തിൽ സ്‌കൂളുകളിൽ അദ്ധ്യാപകരാണ് മാർക്കിടുന്നത്. ഈ മാർക്കും എഴുത്ത് പരീക്ഷയിലെ മാർക്കും കൂടി പരിഗണിച്ച് 30 ശതമാനം ലഭിക്കുന്നവരെ വിജയിപ്പിക്കം. മലയാളം, മലയാളം- രണ്ട്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയ്ക്കാണ് 10 മാർക്ക്. ഇംഗ്ളീഷ്, സോഷ്യൽ സയൻസ്, ഗണിതം എന്നിവയ്ക്ക് ഇരുപതും.

പ്രോജക്ടുകൾ, അസൈൻമെന്റുകൾ, സെമിനാറുകൾ, പ്രസന്റേഷൻ, ക്വിസ് മത്സരങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, പരീക്ഷണങ്ങൾ, ക്ലാസ് പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് നിരന്തര മൂല്യനിർണയ മാർക്ക് നൽകേണ്ടത്. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തി. വിജയശതമാനം ഓരോ സ്‌കൂളിന്റെയും അഭിമാനപ്രശ്നമായി മാറിയതോടെ മാനദണ്ഡങ്ങളൊക്കെ മടക്കിവച്ചു. എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നേടാത്തവരും നിരന്തരമൂല്യനിർണയത്തിന്റെ പിൻബലത്തിൽ വിജയിച്ചു. 50 മാർക്കുള്ള വിഷയത്തിന് നിരന്തരമൂല്യനിർണയത്തിലെ 9.99 മാർക്കിനൊപ്പം എഴുത്ത് പരീക്ഷയ്ക്ക് 5.1 മാർക്ക് കൂടി ലഭിച്ചാൽ പരീക്ഷയിൽ വിജയിക്കാം. 100 മാർക്കുള്ള വിഷയത്തിന് നിരന്തര മൂല്യനിർണയത്തിലെ 19.99 മാർക്കിനൊപ്പം എഴുത്ത് പരീക്ഷയിൽ 10.1 മാർക്ക് ലഭിച്ചാൽ പാസാകാം.

2025 ൽ എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കിന്റെ ശരാശരിയിൽ ഏറ്റവും പിന്നാക്കമുള്ളത് കെമിസ്ട്രിയാണ്. മൊത്തം 50 മാർക്കിൽ 18.91 ആണ് സംസ്ഥാന ശരാശരി. 100 മാർക്കിന്റെ ഗണിതത്തിന് 41.24, സാമൂഹ്യശാസ്ത്രത്തിന് 43.46 എന്നിങ്ങനെയാണ് ശരാശരി.

വിജയികളിൽ സ്വന്തം പേര്

തെറ്റിക്കുന്നവരും!

നിരന്തരമൂല്യ നിർണയത്തിൽ മാർക്ക് വാരിക്കോരി നൽകിയില്ലായിരുന്നുവെങ്കിൽ വിജയശതമാനം കുത്തനെ ഇടിയുമായിരുന്നെന്ന് വ്യക്തം. പേരുപോലും തെറ്റാതെ എഴുതാനറിയാത്തവർ പത്താം ക്ളാസ് പാസാകുന്ന സ്ഥിതിക്കെതിരെ വ്യാപക വിമർശനമുയർന്നപ്പോഴാണ് ഈ വർഷം മുതൽ എഴുത്ത് പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും മിനിമം മാർക്ക് ഏർപ്പെടുത്താൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം തീരുമാനം റദ്ദാക്കി യു.ഡി.എഫ് സർക്കാർ ഉത്തരവിറക്കുകയായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA