അരനൂറ്റാണ്ടായി തിരുവനന്തപുരത്തിന്റെ സാംസ്കാരിക രംഗത്തെ സജീവമുഖമാണ് സൂര്യ ഫെസ്റ്റിവലും സൂര്യ കൃഷ്ണമൂർത്തിയും. നൂറുദിനം തുടർച്ചയായി എല്ലാ വർഷവും സൂര്യയുടെ വേദികളിലെ നാടകവും സിനിമയും സംഗീതവും പ്രഭാഷണങ്ങളും കഥാലോകവും അനന്തപുരിയുടെ സായാഹ്നങ്ങളെ വർണാഭമാക്കി.ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക മേളകളിൽ ഒന്നായാണ് സൂര്യ ഫെസ്റ്റിവൽ കണക്കാക്കപ്പെടുന്നത്.
ഐ.എസ്.ആർ.ഒയിൽ ജോലി ചെയ്യുമ്പോൾ തന്നെ 1977ലായിരുന്നു സൂര്യ എന്ന സംഘടന കൃഷ്ണൂർത്തി ആരംഭിക്കുന്നത്. അതിനെ കുറിച്ച് സൂര്യ കൃഷ്ണമൂർത്തി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകുന്ന ചിത്രലേഖ ഫിലിംസൊസൈറ്റിയുമായി അക്കാലത്ത് സഹകരി്ച്ചിരുന്നു. സ്വയംവരവും കൊടിയേറ്റവുമൊക്കെ നിർമ്മിച്ച് ചിത്രലേഖ തിളിങ്ങി നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. ഇതിനിടെ അടൂർ ചിത്രലേഖ വിട്ടതോടെ സംഘടനയുടെ വെളിച്ചംകെട്ടു. നല്ല സിനിമകൾ സ്വപ്നം കണ്ടിരുന്ന ഞങ്ങൾ കുറേപ്പേർ അതോടെ പാതിവഴിയിലായി. ഈയൊരു പ്രതിസന്ധിയിലാണ് സൂര്യയുടെ പിറവിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കേരളകൗമുദി ഓഫീസിൽ എം.എസ് മണിസാറിന്റെ . മുറിയിൽ എസ്. ജയചന്ദ്രൻ നായർ, എൻ.ആർ.എസ് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ 1997ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി രൂപം കൊണ്ടു. ഒപ്പം നിന്നവരിൽ മൂന്നിൽ അടൂരും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. ഒരർത്ഥത്തിൽ അടൂർ നിറുത്തിയിടത്ത് നിന്നാണ് സൂര്യ തുടങ്ങുന്നത് .
1999ൽ ഐ,എസ്.ആർ.ഒയിൽ നിന്ന് വാളണ്ടറി റിട്ടയർമെന്റ് വാങ്ങിയതോടെ സൂര്യയുടെ പ്രവർത്തനങ്ങളിൽ പൂർണമായി സജീവമായി. സിനിമ മാത്രം പ്രദർശിപ്പിക്കുന്ന കലാസംഘടനയിൽ നിന്ന് വ്യത്യസ്തമായി മറ്റെന്ത് ചെയ്യാനാകും എന്ന ചിന്തയിൽ നിന്നാണ് സൂര്യയുടെ വളർച്ച ആരംഭിക്കുന്നത്.
ഒക്ടോബർ ഒന്നിന് യേശുദാസിന്റെ കച്ചേരി. എട്ടിന് പത്മ സുബ്രഹ്മണ്യത്തിന്റെ നൃത്തം ഇങ്ങനെ വിവിധ പരിപാടികളുമായാണ് സൂര്യ ഫെസ്റ്റിവലിന്റെ തുടക്കം. എം.എസ്. സുബ്ബലക്ഷ്മി രണ്ടുതവണ പാടി. മാവേലിക്കര കൃഷ്ണൻകുട്ടി നായർ മരിക്കുംവരെ സൂര്യയുടെ വേദിയിൽ മൃദംഗം വായിച്ചു. ഓരോ വർഷവും മഹാപ്രതിഭകൾ സൂര്യയുടെ വേദി അലങ്കരിച്ചു. കൊവിഡ് കാലമൊഴിച്ചാൽ തുടർച്ചയായി 43 വർഷം യേശുദാസ് തുടർച്ചയായി പാടി. 28 വർഷം പത്മ സുബ്രഹ്മണ്യം നൃത്തം ചെയ്തു. നടിയും നർത്തകിയുമായ ശോഭന 25 വർഷം തുടർച്ചയായി സൂര്യയുടെ അരങ്ങിലെത്തി.
സംഗീതം, നൃത്തം ,നാടകം, പ്രഭാഷണം, പെയിന്റിംഗ് തുടങ്ങി വിവിധ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കലാകാരൻമാർക്ക് വേദിയൊരുക്കുന്ന പ്രസ്ഥാനമായി സൂര്യ വളർന്നു. ഓരോ വിഭാഗത്തിലും സൂര്യ ഫെസ്റ്റിവലുകൾ ഉണ്ടായി. ഹിന്ദുസ്ഥാനി സംഗിതം ഇവിടെ ഏറ്റവും കൂടുതൽ പ്രചരിച്ചത് സൂര്യയിലൂടെയാണ്. കഥക്, ഒഡിസി തുടങ്ങിയ നൃത്ത ഇനങ്ങളും സൂര്യയിലുടെ മലയാളികൾക്ക് ആസ്വദിക്കാനായി. തിരുവനന്തപുരതത് ആരംഭിച്ച് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച സൂര്യ നിലവിൽ 23 രാജ്യങ്ങളിലും 30 നഗരങ്ങളിലും ശാഖകളും സാംസ്കാരിക പ്രവർത്തനങ്ങളും നടത്തിവരുന്നു.
കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ, വേലുത്തമ്പി ദളവ എന്ന പേരിൽ സംവിധാനം ചെയ്തത് സൂര്യ കൃഷ്ണമൂർത്തിയാണ്. കലാരംഗത്തെ മികച്ച സംഭാവനകളും സൃഷ്ടികളും മുൻനിർത്തി രാഷ്ട്രപതിയുടെ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷനുള്ള ദേശീയ പുരസ്‌കാരം, കേരള സർക്കാരിന്റെ രണ്ടാം ഉയർന്ന പുരസ്‌കാരമായ കേരളപ്രഭ പുരസ്‌കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം, ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ മാൻ ഓഫ് ദി ഇയർ പുരസ്‌കാരം എന്നിവയും സൂര്യ കൃഷ്ണമൂർത്തിയെ തേടിയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |