SignIn
Kerala Kaumudi Online
Sunday, 09 August 2026 2.40 AM IST

ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു,​ വിടവാങ്ങിയത് താരത്തിന്റെ ഇതിഹാസ തുല്യമായ കരിയറിലെ ശക്തികേന്ദ്രം

READ ENGLISH VERSION
-lionel-meessi-jorge
: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ജോർജ് മെസി

റോസാരിയോ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസി (68) അന്തരിച്ചു. അർജന്റീനയിലെ റോസാരിയോയിലുള്ള ആശുപത്രിയിൽ ദീർഘകാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് ഏറെനാളായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. റോസാരിയോയിലെ ഒരു ക്ലിനിക്കിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.

അടുത്തിടെ അമേരിക്കയിൽ നടന്ന ലോകകപ്പ് മത്സരങ്ങളിൽ മെസിയുടെ കുടുംബത്തിന്റെ സാന്നിദ്ധ്യം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജൂണിലും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും കുടുംബം അന്ന് അത് നിഷേധിച്ചിരുന്നു. പിതാവ് എന്നതിലുപരി മെസിയുടെ ഇതിഹാസ തുല്യമായ കരിയറിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്നു ഹോർഹെ. ആദ്യകാലം മുതൽ മകന്റെ ഫുട്‌ബോൾ യാത്രയിൽ ഒപ്പം നിന്ന അദ്ദേഹം മെസിയുടെ ഏജന്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ക്ലബ്ബുകളുമായും ആഗോള ബ്രാൻഡുകളുമായുമുള്ള കരാറുകൾ ചർച്ച ചെയ്ത് വിജയിപ്പിച്ചതും ഹോർഹെയാണ്.

പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ 2026 ലോകകപ്പ് വേളയിൽ മെസി പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഗോൾ നേടിയതിന് ശേഷം അദ്ദേഹം വികാരാധീനനായത് കായികരംഗവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരെ കുടുംബം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സെലിയ കുക്കിറ്റിനിയാണ് ഹോർഹെ മെസിയുടെ ജീവിതപങ്കാളി. റോഡ്രിഗോ, മാറ്റിയാസ്, ലയണൽ, മരിയ സോൾ എന്നിവരാണ് മക്കൾ. ഹോർഹെ മെസിയുടെ നിര്യാണത്തിൽ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളും പ്രമുഖ വ്യക്തികളും ആദരാഞ്ജലികൾ അർപ്പിച്ചു.

English Summary

Jorge Messi, the father of football legend Lionel Messi, passed away at the age of 68 in a hospital in Rosario, Argentina, following a long illness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI, JORGE MESSI, LIONEL MESSI ARGENTINA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360