
തിരുവനന്തപുരം : കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ അത്‌ലറ്റ് മുഹമ്മദ് ബാസിലിന് സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം കേന്ദ്രത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ബാസിലിന്റെ നേട്ടം ആഘോഷിക്കുന്നതിനും യുവതാരങ്ങൾക്ക് പ്രചോദനമാകുന്നതിനുമായാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബാസിലിനെ സായ് തിരുവനന്തപുരം മേഖലാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാലെയുടേയും സായ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. ബാസിൽ പരിശീലനം നടത്തുന്ന തിരുവനന്തപുരം സായ് നാഷണൽ സെന്റർ ഓഫ് എക്സെല്ലെൻസിലേക്കു മെഡലുമായെത്തിയ താരത്തെ സായ് താരങ്ങളും പരിശീലകരും ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകി. ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെ താരങ്ങളും പരിശീലകരും ജീവനക്കാരും ചേർന്ന് ബാസിലിനെ അസംബ്ലി ഹാളിലേക്ക് ഘോഷയാത്രയായി ആനയിച്ചു.
അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ സച്ച്ദേവ് സ്വാഗത പ്രസംഗം നടത്തി. സായ് തിരുവനന്തപുരം മേഖലാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാലെ മുഹമ്മദ് ബാസിലിനെ ആദരിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മറ്റ് സായ് തിരുവനന്തപുരം താരങ്ങളായ അൻസബാബു, രാഷ്ദീപ് കൗർ, നീരു പഥക് എന്നിവരെയും ആദരിച്ചു.
ചടങ്ങിൽ സംസാരിച്ച മുഹമ്മദ് ബാസിൽ കോമൺവെൽത്ത് ഗെയിംസിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ വിജയിക്കുന്നതിന് ആവശ്യമായ കഠിനാധ്വാനം, അർപ്പണബോധം, സ്ഥിരത, ആത്മവിശ്വാസം എന്നിവയെക്കുറിച്ച് അദ്ദേഹം താരങ്ങളോട് സംസാരിച്ചു. ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാനും സ്ഥിരതയോടെ പരിശീലനം തുടരാനും സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കാനും അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ചു.
തുടർന്ന് കേക്ക് മുറിക്കൽ ചടങ്ങും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |