ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവന കൊള്ളയുടെ ദൃശ്യങ്ങൾ 105 തവണ സിസിടിവിയിൽ പതിഞ്ഞതായി സുപ്രീംകോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം. അന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സെപ്തംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രത്തിൽ തുടർനടപടി സ്വീകരിക്കാൻ കോടതി മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകുകയും ചെയ്‌തു. കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങളും പിടിച്ചെടുത്ത തെളിവുകളും സിസിടിവി ദൃശ്യങ്ങളും കോടതിയുടെ പരിശോധനയ്ക്കായി സമർപ്പിച്ചു.
കാണിക്കയായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കളുടെ രസീതുകൾ സോഫ്റ്റ്‌വെയർ വഴിയാണ് തയ്യാറാക്കുന്നത്. ഈ വസ്തുക്കൾ പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ലോക്കറിലേക്ക് മാറ്റുകയാണ് പതിവ്. അതേസമയം, എസ്.ഐ.ടി റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അത് നിരസിച്ചു. വിഷയം സെഷൻസ് കോടതിയുടെ പരിധിയിൽ തന്നെ തുടരട്ടെയെന്നും, കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കണ്ടാൽ പിന്നീട് ഉത്തരവ് പുറപ്പെടുവിക്കാമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സംഭവത്തിൽ രാമക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. തുടർന്ന് ട്രസ്റ്റിൽ സി.ഇ.ഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിക്കുകയും ചെയ്തു. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് ഏകദേശം ഏഴര കോടി രൂപ കാണാതായെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായവരിൽ ആറുപേർ പണം എണ്ണിത്തിട്ടപ്പെടുത്താൻ നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ്.
The Special Investigation Team informed the Supreme Court that CCTV footage recorded the Ayodhya Ram Temple donation theft 105 times. The investigation is nearing completion, with a chargesheet expected by September 25. Eight individuals, including six temple employees, have been arrested for the missing 7.5 crore rupees. Trust officials were removed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |