ന്യൂഡൽഹി: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട ഇൻഡിഗോ എയർലൈൻസ് ക്യാബിൻ ക്രൂ അംഗം മരിച്ചു. നോയിഡയിലാണ് സംഭവം. ഫ്ലൈറ്റ് അറ്റന്റായ 34കാരി കൈനൂർ മിസ്രിയാണ് മരിച്ചത്. പുലർച്ചെ ജോലി കഴിഞ്ഞ് കമ്പനി ഏർപ്പെടുത്തിയ ക്യാബിൽ മടങ്ങുമ്പോൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുവച്ച് തന്നെ യുവതി മരണപ്പെട്ടിരുന്നു.
മോഡൽ, നർത്തകി, ട്രാവൽ വ്ലോഗർ എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ആളായിരുന്നു കൈനൂർ മിസ്രി. അപകടത്തിൽ ഇവരുടെ തലയ്‌ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിവരമറിഞ്ഞ് ഉടൻതന്നെ പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ അമിത വേഗത്തിലായിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാബിൻ ക്രൂ അംഗത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ഇൻഡിഗോ എയർലൈൻസും സഹപ്രവർത്തകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. മുംബയ് മീരാ റോഡ് സ്വദേശിയായ കൈനൂർ മിസ്രി സിംഗിൾ പേരന്റായിരുന്നു. ഇവർക്ക് എട്ട് വയസുള്ള മകനുണ്ട്.
'മയൂരേഷ് ടൂർ ആൻഡ് ട്രാവൽസ്' എന്ന ഏജൻസിയെയാണ് ഇൻഡിഗോ ജീവനക്കാരുടെ യാത്രയ്‌ക്കായി ചുമതലപ്പെടുത്തിയിരുന്നത്. ക്യാബ് ഡ്രൈവറായ വിജയ് ഖോസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനും മനഃപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കുമാണ് ഡ്രൈവർക്കെതിരെയുള്ള കേസ്.
Indigo Airlines cabin crew member Kainoor Misri, 34, died in a car accident in Noida while returning home from duty. She sustained fatal head injuries when the company-arranged cab she was in collided with another vehicle. Police have registered a case against the cab driver, Vijay Khos, for negligent driving and culpable homicide. Initial findings point to overspeeding as the cause.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |