SignIn
Kerala Kaumudi Online
Monday, 10 August 2026 3.49 AM IST

നേന്ത്രക്കായ കർഷകർക്ക് ആശ്വാസം ആശങ്കയും വിലയുണ്ട്, വിളവില്ല

banana
നേന്ത്രക്കായ

കോഴിക്കോട്: നേന്ത്രക്കായ കർഷകർക്ക് ആശ്വാസമായി വിപണി വിലയിൽ മുന്നേറ്റം. മാസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 30–35 രൂപ വരെ ലഭിച്ചിരുന്ന നാടൻ നേന്ത്രക്കുലയ്ക്ക് ഇപ്പോൾ 65–70 രൂപയായി. നാലുമാസം മുമ്പ് മൂന്ന് കിലോയ്ക്ക് 100 രൂപ നിരക്കിലായിരുന്നു വിറ്റഴി ഞ്ഞിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നേന്ത്രക്കുലയ്ക്ക് 50–60 രൂപയാണ് ഇപ്പോഴത്തെ വില. കേരള വിപണി ലക്ഷ്യമാക്കി അന്യസംസ്ഥാന നേന്ത്രക്കായ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. അതേസമയം വിളവിലുണ്ടായ ഇടിവ് കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. സാധാരണ 15 കിലോയ്ക്ക് മുകളിൽ തൂക്കമുള്ള നേന്ത്രക്കുലകൾ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ എട്ട് മുതൽ 12 കിലോ വരെയുള്ള കുലകളാണ് ലഭിച്ചത്. 10 കിലോ തൂക്കമുള്ള കുല വിപണിയിലെത്തുമ്പോൾ തണ്ട് കുറച്ചാണ് തൂക്കം കണക്കാക്കുന്നത്. കിലോയ്ക്ക് 65–70 രൂപ ലഭിച്ചാൽ ഏകദേശം 540–630 രൂപയാണ് കർഷകന് ലഭിക്കുക. നേന്ത്രക്കായ വില ഉയർന്നതോടെ വറുത്തുപ്പേരിക്കും ശർക്കര ഉപ്പേരിക്കും വില കൂടി. ഓണസദ്യയിലെ പ്രധാന വിഭവങ്ങളായ ഇവയ്ക്ക് കിലോയ്ക്ക് 460 രൂപ വരെയാണ് വില.

ഓണം വിപണി ലക്ഷ്യമിട്ട് മുൻവർഷങ്ങളിൽ നേരത്തേ തന്നെ വൻതോതിൽ കായ വറുത്തിരുന്നെങ്കിലും ഇത്തവണ പല സ്ഥലങ്ങളിലും ഓർഡറുകൾക്കനുസരിച്ചാണ് ഉണ്ടാക്കുന്നത്. നേന്ത്രക്കായയുടെ വിലയും ലഭ്യതക്കുറവും ചെറുകിട ഉപ്പേരി നിർമ്മാതാക്കളെ ബാധിച്ചിട്ടുണ്ട്.

വർദ്ധിച്ച കൃഷിച്ചെലവ്
കൃഷിച്ചെലവ് വർദ്ധിച്ചതും അതിനനുസരിച്ച് വില ലഭിക്കാത്തതും നീർവാർച്ചയുള്ള സ്ഥലങ്ങൾ, കുറഞ്ഞ പാട്ടത്തിന് ലഭിക്കാത്തതും മൂലം പലരും വാഴക്കൃഷി ഉപേക്ഷിച്ചു. ഓണക്കാലത്ത് നേന്ത്രക്കുലയുടെ വിളവെടുപ്പ് സാധാരണയായി വർദ്ധിക്കാറുണ്ടെങ്കിലും ഇത്തവണ മഴയും കാറ്റും വിളവിനെ ബാധിച്ചതിനാൽ പ്രാദേശിക കുലകളുടെ വരവ് കുറവാണ്.

"വാഴക്കന്ന്, കൂലി, വളം, നാട്ടകെട്ടൽ തുടങ്ങിയ കൃഷിച്ചെലവുകൾ മുൻകാലത്തേക്കാൾ കൂടിയതിനാൽ വില വർദ്ധനവിന്റെ ഗുണം ലഭിക്കുന്നില്ല"

- ഗോപാലകൃഷ്ണൻ

കർഷകൻ,പെരുമൺപുറ

പഴം വില കിലോയ്ക്ക്

നേന്ത്രപ്പഴം....70- 75

മൈസൂർ പഴം....30 - 40

റോബസ്റ്റ....35 - 40

ചെങ്കദളി....65 -70

ആണിപ്പൂവൻ.... 70 - 80

പച്ചക്കായ....50 - 60

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL