അന്വേഷണം തുടങ്ങി കെ.എസ്.ആർ.ടി.സി
കോഴിക്കോട്: മൈസൂരു -ബെംഗളൂരു ദേശീയപാതയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ വെള്ളയിൽ സ്വദേശി മിഥിലേഷിനും കണ്ടക്ടർ കോവൂർ സ്വദേശി എൻ.എം അരുണിനും നാടിന്റെ അന്ത്യാഞ്ജലി. ഇരുവരുടെയും മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.
ചടങ്ങുകൾക്ക് ശേഷം പത്തരയോടെ മിഥിലേഷിന്റെയും 11 മണിയോടെ അരുണിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. മേയർ ഒ. സദാശിവൻ, എം.കെ രാഘവൻ എം.പി, കെ. പ്രവീൺകുമാർ എം.എൽ.എ , കെ.എസ്.ആർ.ടി.സിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ വീടുകളിലെത്തി അന്തിമോപചാരം അർപ്പിച്ചു. വെള്ളയിലും കോവൂരിലും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. മിഥിലേഷിന് ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്.ആർ.ടി.സിയിൽ താത്ക്കാലിക ജോലി ലഭിച്ചത്. കോവൂർ സ്വദേശിയായ അരുൺ യാത്രക്കാരോടും സഹപ്രവർത്തകരോടും സൗമ്യമായി പെരുമാറിയ വ്യക്തിയായിരുന്നു.
50,000 രൂപ വീതം കൈമാറി
അപകടം സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇരു കുടുംബങ്ങൾക്കും മരണാനന്തര ചടങ്ങിനുള്ള ധനസഹായമായി 50,000 രൂപ വീതം കോഴിക്കോട് കെ.എസ്.ആർ.ടി.സി എ.ടി.ഒ പ്രശോഭ് കൈമാറി. ശനിയാഴ്ച രാവിലെ 6.40 ഓടെ മൈസൂരു- ബംഗളൂരു ദേശീയപാതയിലെ രാമനഗര ബിഡതിക്ക് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |