കൊല്ലം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരദേശ മേഖലയിൽ ഇന്ന് വൈകുന്നേരം 5.30 വരെ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നും കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിൽ ഇറങ്ങരുതെന്നും ജാഗ്രതാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപെഴ്സണായ ജില്ലാ കളക്ടർ ആനി ജൂല തോമസ് അറിയിച്ചു.
ജില്ലയിലെ പലയിടങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ഒപ്പം തീരപ്രദേശത്ത് ഇന്ന് മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കേരളതീരത്ത് മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും മത്സ്യബന്ധനത്തിന് പ്രതികൂലമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ശ്രദ്ധിച്ചാൽ ദുരന്തം ഒഴിവാക്കാം
കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല
വീട്ടുവളപ്പിലെ മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കണം
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യുക
കാറ്റ് വീശുമ്പോൾ ജന്നാലകളും വാതിലുകളും അടച്ചിടണം
വീടിന്റെ ടെറസിൽ നിൽക്കുന്നത് ഒഴിവാക്കുക
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കരുത്
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണാൽ 1912, 1077 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം
പത്രം, പാൽ വിതരണക്കാർ ജോലിക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണം
വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം
കൃഷിയിടങ്ങളിലെ വൈദ്യുതി ലൈനുകൾ സുരക്ഷിതമെന്ന് ഉറപ്പാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |