ദുബായ്: ദുബായിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ മരിച്ച വാർത്ത കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. സ്ഫോടനത്തെത്തുടർന്ന് പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെയാണ് മരിച്ചത്.
27കാരനായ ഷിജിന്റെ വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ ഒപ്പം കൂട്ടിയ പ്രിയതമയെ ദുബായിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയാണ് വിധി ഷിജിന്റെ ജീവൻ കവർന്നെടുത്തത്. അപ്രതീക്ഷിത ദുരന്തം എങ്ങനെ ഷിജിന്റെ ഭാര്യ ഉൾക്കൊള്ളുമെന്ന ആശങ്കയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
കഴിഞ്ഞ നവംബറിലാണ് ഷിജിൻ മൾട്ടി മീഡിയ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റായി ദുബായിലെ ഷെയ്ഖ് സായിദ് റോഡിലുള്ള കാർ ഷോറൂമിൽ ജോലിയിൽ പ്രവേശിച്ചത്.അപകടത്തിന് ദൃക്‌സാക്ഷിയായ സഹപ്രവർത്തകൻ അബിദിന്റെ മൊഴിയനുസരിച്ച് സ്ഫോടനത്തിന് തൊട്ടുമുമ്പ് ഷോറൂമിനുള്ളിൽ തീപിടിത്തമുണ്ടായതായി ജീവനക്കാർക്ക് വിവരം ലഭിച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ ശക്തമായി പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്.
'തീയണയ്ക്കനുള്ള പരിശ്രമത്തിൽ ഞങ്ങളോടൊപ്പം അവനുമുണ്ടായിരുന്നു. ഷോറൂമിന്റെ ഗേറ്റിന് സമീപത്ത് നിന്നാണ് തീപിടിത്തം ആരംഭിച്ചത്. ഷോറൂമിന് സമീപത്ത് സർവീസിനായുള്ള വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ആ ഭാഗത്തേക്ക് തീ പടർന്നപ്പോൾ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. വലിയ സ്ഫോടനം ഉണ്ടായപ്പോൾ എല്ലാവരും ഭയന്നോടി.'- അബിദ് പറഞ്ഞു. ഷിജിൻ തന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും സ്ഫോടനത്തിന് പിന്നാലെയുണ്ടായ പരിഭ്രാന്തിക്കിടെ എന്തുസംഭവിച്ചെന്ന് അറിഞ്ഞില്ലെന്നും പിന്നീടാണ് അപകട വിവരം അറിഞ്ഞതെന്നും അബിദ് കൂട്ടിച്ചേർത്തു.
'ഷിജിൻ എല്ലാവരുടെയും വിശ്വസ്തനും നല്ല കൂട്ടുകാരനുമായിരുന്നു. എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു സഹപ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. നാട്ടിലേക്ക് അവധിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഷിജിൻ. അവധികഴിഞ്ഞ് മടങ്ങുമ്പോൾ ഭാര്യയെയും ദുബായിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയുണ്ടായിരുന്നു.'- ഷിജിന്റെ മറ്റൊരു സുഹൃത്തായ നാസിർ പറഞ്ഞു. ഭാര്യയോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത ദുരന്തം അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തത്.
Kottarakkara native Shijin Paul, 27, died after a gas cylinder explosion at a Dubai car showroom. He sustained critical injuries while attempting to control a fire that broke out, later succumbing during treatment. Paul, a multimedia marketing specialist at the Sheikh Zayed Road showroom since November, was preparing to bring his wife to Dubai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |