ദുബായ്: ലോകമെമ്പാടും ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനുപേർക്കാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളിലൂടെ പണം നഷ്‌ടമായിട്ടുള്ളത്. യുഎഇയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് താമസക്കാരെ സംരക്ഷിക്കാനായി 103 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദുബായ് പൊലീസ് പൂട്ടിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സൈബർ കുറ്റകൃത്യങ്ങളിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് സേന അറിയിച്ചത്.
എന്നാൽ, വഞ്ചന, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ള കേസുകളുടെ എണ്ണം ദുബായ് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹരേബ് മുഹമ്മദ് അൽ ഷംസിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് കണക്കുകൾ അവലോകനം ചെയ്‌തത്.
ഫീൽഡ് പ്രവർത്തനങ്ങൾ, മുൻകരുതൽ നടപടികൾ, പൊതുജന അവബോധ കാമ്പെയ്‌നുകൾ, ശരിയായ ദിശയിലുള്ള അന്വേഷണം എന്നിവയാണ് കേസുകളുടെ എണ്ണത്തിൽ കുറവുവരാൻ കാരണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. അന്വേഷണത്തെ സഹായിക്കുന്നതിനും കുറ്റകൃത്യങ്ങൾ തിരിച്ചറിയുന്നതിനും എഐ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും സേന വ്യക്തമാക്കി.
ജോലി, താമസം, സന്ദർശന വിസകൾ, കുറഞ്ഞ വിലയിൽ യാത്രാ പാക്കേജുകൾ എന്നിവ വാഗ്‌ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങളിലൂടെയാണ് ഏറ്റവും പുതിയ തട്ടിപ്പ് യുഎഇയിൽ നടക്കുന്നത്. ലൈസൻസില്ലാത്ത കമ്പനികളുടെ പേരുകൾ ഉപയോഗിച്ചോ ഔദ്യോഗിക സ്ഥാപനങ്ങളെന്ന പേരിൽ ആൾമാറാട്ടം നടത്തിയോ ആണ് തട്ടിപ്പുകൾ നടത്തുന്നത്. ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നേരത്തേതന്നെ ദുബായ് പൊലീസ് നൽകിയിരുന്നു. എഐ ഉപയോഗിച്ചുള്ള തട്ടിപ്പായതിനാൽത്തന്നെ യാഥാർത്ഥ്യമെന്ന് കരുതി പലരും വഞ്ചിക്കപ്പെട്ടു.
വിശ്വസനീയമല്ലാത്തവരുമായി വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കുവയ്‌ക്കാൻ പാടില്ല. ഇത്തരം സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അൽ ഷംസി താമസക്കാരോട് അഭ്യർത്ഥിച്ചു. ദുബായ് പൊലീസിന്റെ സ്‌മാർട്ട് ആപ്ലിക്കേഷൻ, സേനയുടെ ഇ - ക്രൈം പ്ലാറ്റ്‌ഫോം അല്ലെങ്കിൽ 901 എന്ന നമ്പറിലോ വിളിച്ച് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Dubai Police has shut down 103 fake social media accounts as part of its efforts to curb online fraud and protect residents from cybercrime. Authorities said increased public awareness, preventive measures, and AI-assisted investigations have helped reduce cybercrime this year. Residents, including expatriates, are urged to avoid sharing personal or banking details and report suspicious scams immediately.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |