
കണ്ണൂർ: പച്ചപ്പാർന്ന നെൽപ്പാടങ്ങൾ കീറിമുറിച്ചു പോകുന്ന റോഡരികിൽ പൂക്കളുടെ വർണവിസ്മയം. മയ്യിൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കയരളത്തെ പട്ട്വത്ത് വയൽ - ആലുംകടവ് റോഡിന്റെ ഇരുവശങ്ങളിലുമായി അര കിലോമീറ്റർ ദൂരത്തിലാണ് പൂങ്കാവനം.
നെൽവയലുകൾക്കിടയിലൂടെ കടന്നുപോകുന്ന ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലും വിവിധ ഇനം പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയായിരുന്നു. ഒരു വശത്ത് പച്ചപ്പാർന്ന പരന്നുകിടക്കുന്ന നെൽ പാടവും മറുവശത്ത് പൂക്കളാൽ അലങ്കരിച്ച പാതയും പശ്ചാത്തലത്തിൽ തെങ്ങിൻതോപ്പുകളും ചേർന്ന കാഴ്ച ഗ്രാമീണ കേരളത്തിന്റെ പ്രകൃതിഭംഗി പ്രതിഫലിപ്പിക്കുന്നുണ്ട്.
നെൽകൃഷിയുടെയും പ്രകൃതിയുടെയും ഭംഗിയോടൊപ്പം വഴിയരികിലെ പൂക്കളും ചേർന്നതോടെ അഞ്ഞൂറ് ഏക്കർ വരുന്ന പട്ട്വത്ത് വയൽ വ്യത്യസ്തമായൊരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ഈ പ്രദേശം ഇന്ന് സോഷ്യൽ മീഡിയിലെ പ്രധാന ഇടമായി മാറിക്കഴിഞ്ഞു. മനോഹര പാതയിപ്പോൾ റീൽസ് ചിത്രീകരണത്തിനും പ്രീ-വെഡിംഗ് ഫോട്ടോ ഷൂട്ടുകൾക്കുമുള്ള പ്രിയപ്പെട്ട ലൊക്കേഷനാണ്. പാടശേഖരത്തിനു നടുവിലൂടെ നീളുന്ന റോഡിന്റെ ഡ്രോൺ ദൃശ്യങ്ങളും ആകാശക്കാഴ്ചകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
കയരളം യുവജന - ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണൻ, സെക്രട്ടറി സി. കുഞ്ഞിരാമൻ, കോർഡിനേറ്റർ പി. സുരേശൻ, ഭാരവാഹികളായ പി.വി രാമകൃഷ്ണൻ, എം.കെ. മുകുന്ദൻ, എ.ഇ ശശി എന്നിവരാണ് പൂങ്കാവനത്തെ പരിപാലിക്കുന്നത്.
അഞ്ച് വർഷം മുമ്പ് മാലിന്യ നിക്ഷേപ കേന്ദ്രം
അഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു ഈ പ്രദേശം. 2021 സെപ്തംബർ 9നാണ് ഈ പ്രദേശത്തിന്റെ ദിശ മാറ്റിയ ആ ചരിത്ര മൂഹൂർത്തം. മയ്യിൽ പഞ്ചായത്ത് റോഡായ പട്ട്വത്ത് വയൽ - ആലുംകടവ് റോഡിൽ മയ്യിൽ പഞ്ചായത്ത് പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കയരളം യുവജന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് റോഡിന് ഇരുവശത്തും പൂങ്കാവനത്തിന് തുടക്കം കുറിച്ചത്. ആദ്യം ഹരിത കേരളം മിഷൻ നൽകിയ ഡിവി ഡിവി മരങ്ങൾ റോഡിന് ഇരുവശത്തും നട്ടു പിടിപ്പിച്ചു. രണ്ടാം വർഷം വിവിധതരം ചെമ്പരത്തി, കോളാമ്പി തുടങ്ങിയ ചെടികളും പരിപാലിച്ചു. കഴിഞ്ഞ വർഷം ചെണ്ടുമല്ലികളും വാടാർമല്ലികളും ഇടം പിടിച്ചതോടെ റോഡിനിരുവശവും മഞ്ഞ, ഓറഞ്ച്, ചുവപ്പ്, വെള്ള, വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള പൂക്കൾ നിറയുകയായിരുന്നു.
നാടിനെ ഹരിതാഭവും സുന്ദരവും ആക്കുന്ന ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന് പഞ്ചായത്ത് പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നുണ്ട്
സി.സി. വിനോദ്, പ്രസിഡന്റ് , മയ്യിൽ ഗ്രാമ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |