കണ്ണൂർ: സംഘടനാ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് തിരുത്താനായുള്ള സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃമാറ്റത്തിന് സാദ്ധ്യത തെളിയുന്നു. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ മാറ്റുമെന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. അതേസമയം നടപടി, സംസ്ഥാന നേതൃത്വത്തിന്റെ ശാസനയിൽ ഒതുങ്ങിയേക്കുമെന്നും അഭിപ്രായമുണ്ട്.
അടുത്ത മാസം 18, 19 തീയതികളിലാണ് വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം നടക്കുക. 13, 14 തീയതികളിലായിരുന്നു ആദ്യം യോഗം നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് തീയതി മാറ്റിയതെന്നാണ് വിവരം. യോഗത്തിനൊപ്പം ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിക്കും.
നേതൃമാറ്റം ഉണ്ടാവുകയാണെങ്കിൽ സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ ടി.വി രാജേഷിനെ ജില്ലാ സെക്രട്ടറിയായി നിയോഗിക്കാനുളള ചർച്ചകളും ശക്തമാണ്. 2024ൽ എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ, അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചഘട്ടത്തിൽ ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ജയരാജന്റെ ചുമതല വഹിച്ചിരുന്നത് രാജേഷ് ആയിരുന്നു. 2011 മുതൽ 2021 വരെ കല്യാശ്ശേരി എം.എൽ.എയായിരുന്ന രാജേഷ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.
യുവജന പ്രാതിനിധ്യവും
സംസ്ഥാന കമ്മിറ്റിയിലെന്ന പോലെ പുതിയ ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. ഭാരവാഹികൾക്ക് പ്രാതിനിധ്യം നൽകാനും തീരുമാനമുണ്ട്. ടി.കെ ഗോവിന്ദൻ ഒഴിവായതിനെ തുടർന്ന് സെക്രട്ടറിയേറ്റിലേക്ക് തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷിനെ പരിഗണിച്ചേക്കും.
പയ്യന്നൂരിലും മാറ്റത്തിന്റെ കാറ്റ്
ജില്ലാ നേതൃത്വത്തിലെ അഴിച്ചുപണിക്കൊപ്പം പയ്യന്നൂർ ഏരിയാ നേതൃത്വത്തിലും മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന പയ്യന്നൂരിൽ നേരിട്ട അപ്രതീക്ഷിത തോൽവിയാണ് ഈ പുനഃസംഘടനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ പാർട്ടി നിയോഗിച്ച അന്വേഷണ സംവിധാനത്തിന്റെ കണ്ടെത്തലുകളും ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം.
പയ്യന്നൂർ ഏരിയ കമ്മിറ്റിയെ സംബന്ധിച്ചാണ് ഏറ്റവും നിർണായക തീരുമാനം വരേണ്ടത്. ഏരിയ കമ്മിറ്റിയെ പൂർണമായി മാറ്റണോ, ഏരിയ സെക്രട്ടറിയെ മാത്രം മാറ്റണോ എന്നതിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ സംയുക്തമായാണ് അന്തിമ തീരുമാനമെടുക്കുക. എന്നാൽ പയ്യന്നൂർ കമ്മിറ്റിക്കെതിരെ മാത്രം നടപടിയെടുക്കുന്നത്, തോൽവി നേരിട്ട തളിപ്പറമ്പിലെ അടക്കം മറ്റു കമ്മിറ്റികൾക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യമുയർത്തുമെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |