ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യങ്ങൾ നീക്കാതെയും പൊഴിമുറിക്കാതെയും ജില്ലയെ സർക്കാർ വെള്ളപ്പൊക്ക ദുരിതത്തിലാക്കിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടെ വടക്കുനിന്ന് ആരംഭിച്ച മാർച്ച് തോട്ടപ്പള്ളി ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയംഗം സിന്ധുവിനെ പൊലീസ് കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. പൊലീസുമായുള്ള പിടിവലിയിൽ പരിക്കേറ്റ സംസ്ഥാന കമ്മിറ്റിയംഗം രമ്യാ രമണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.സുരേഷ്‌കുമാർ, സി.ശ്യാംകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ, വൈസ് പ്രസിഡന്റുമാരായ എ.എ.അക്ഷയ്, അനസ് എ.നസിം, ഭാരവാഹികളായ എസ്. സുമേഷ്, സി.എ. അഖിൽ, കെ.ജി. അരുൺകുമാർ, അമൽ വിജയൻ, അജയ് കൃഷ്ണൻ, അജു ആനന്ദ്, അനീഷ് കുര്യൻ, ഉണ്ണി കണ്ണൻ, വി. ശ്രീകാന്ത്, അനുപ്രിയ, ഗീതു പ്രവീൺ, റോഷൻ രമണൻ എന്നിവർ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റുചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |