ആലപ്പുഴ: വേമ്പനാട്ടുകായലിൽ ഹൗസ്‌ബോട്ടുകളിൽ തീപിടിത്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം വൈകുന്നത് ആശങ്കയാകുന്നു. ചുങ്കത്തെ ഫയർഫോഴ്സ് യൂണിറ്റിൽനിന്ന് വേമ്പനാട് കായലിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനെത്താൻ അധിക സമയം വേണ്ടിവരുന്നതാണ് പ്രതിസന്ധി. ചുങ്കത്ത് നിന്ന് ഫിനിഷിംഗ് പോയിന്റിലെത്താൻ 20 മിനിട്ടോളം വേണ്ടിവരും. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും ഇടയിലൂടെ വേണം എത്തേണ്ടത്.
ഇവിടെ നിന്ന് ബോട്ടുകൾ കെട്ടിയിടുന്ന സ്ഥലത്തേക്ക് എത്തുമ്പോൾ തീപിടിച്ച ബോട്ട് പൂർണമായി കത്തി നശിക്കുമെന്ന് ഹൗസ്ബോട്ട് ഉടമകൾ പറയുന്നു. ഇത് മുന്നിൽക്കണ്ട് പുന്നമടയിൽ ഫയർഫോഴ്സിന്റെ യൂണിറ്റ് സ്ഥാപിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. ജില്ലയിൽ 1500ലധികം ഹൗസ്‌ബോട്ടുകളുണ്ട്. നേരിട്ടും അല്ലാതെയും 10000ഓളം പേരാണ് ഈ മേഖലയെ ആശ്രയിച്ച് ജോലി ചെയ്യുന്നത്. ചിലർ ഹൗസ്‌ബോട്ടുകളിൽ തന്നെ താമസിക്കുന്നുമുണ്ട്.
പുന്നമടയിൽ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം സർക്കാരിന് നിവേദനം നൽകിയിരുന്നു. നടപടി സ്വീകരിക്കാമെന്ന് അറിയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. പുതിയ സർക്കാരിനും ഇതുസംബന്ധിച്ച് നിവേദനം നൽകാനാണ് ഹൗസ് ബോട്ട് ഓണേഴ്‌സ് സമിതിയുടെ തീരുമാനം.
സെപ്തംബറിൽ കത്തിയത് 4 ഹൗസ് ബോട്ടുകൾ
1. സെപ്തംബറിൽ മാത്രം രണ്ട് തീപിടിത്തങ്ങളിലായി നാല് ഹൗസ്‌ബോട്ടുകൾ കത്തി നശിച്ചു
2. അടുത്തടുത്തായി നിറുത്തിയിടുന്നതിനാൽ ഒരു ബോട്ടിലെ തീ സമീപത്തെ ബോട്ടുകളിലേക്കും അതിവേഗം പടരും
3. ഫയർഫോഴ്സ് യൂണീറ്റ് സ്ഥാപിക്കുന്നതിന് പുന്നമടയിൽ സ്ഥലം ലഭ്യമാണെന്ന് ഹൗസ്‌ബോട്ട് ഉടമകൾ
4. യൂണിറ്റ് ഇവിടെ സ്ഥാപിച്ചാൽ കായലിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താനാകും
5. സ്പീഡ് ബോട്ടും മൂന്ന് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന യൂണീറ്റ് വന്നാൽ രക്ഷാപ്രവർത്തനം എളുപ്പമാകും
ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ
1500
പുന്നമടയിൽ ഫയർഫോഴ്സ് യൂണീറ്റ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ വർഷം നിവേദനം നൽകിയിരുന്നു. പുതിയ സർക്കാർ വന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും
-എ. അനസ്,സംസ്ഥാന പ്രസിഡന്റ്
ഹൗസ് ബോട്ട് ഓണേഴ്‌സ് സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |