
ചേർത്തല: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം ജയിലിൽ അടച്ചു. ക്രിമിനൽ കേസുകളിലും ലഹരിക്കേസുകളിലും പ്രതിയായ പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് ചെട്ടുകാട് വീട്ടിൽ ജിബിനെയാണ് (34) അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലുമായി പത്തോളം കേസുകളിൽ പ്രതിയാണ് ജിബിൻ.
രണ്ട് പ്രാവശ്യം കാപ്പ പ്രകാരം നാട് കടത്തൽ ശിക്ഷ അനുഭവിച്ച ജിബിൻ, വീണ്ടും അക്രമ പ്രവർത്തനങ്ങൾ തുടർന്നു വന്നതിനെത്തുടർന്നാണ് ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്താൻ ചേർത്തല ഡിവൈ.എസ്.പി എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ അരൂർ സർക്കിൾ ഇൻസ്‌പെക്ടർ അജയമോഹന്റെയും പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി.ടി.ലിജിമോളിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കാക്കനാട് നിന്ന് അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീഷ്, അരുൺകുമാർ, അനൂപ്, ഗിരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |