SignIn
Kerala Kaumudi Online
Monday, 21 September 2026 3.19 AM IST

തീൻമേശയിലെ മോഷണം; യുവതിയുടെ ബാഗ് കവർന്ന കള്ളന് ലോക്കിട്ടു

sudheesh
എറണാകുളം എം.ജി റോഡിലെ ബാർ റസ്റ്റോറന്റിൽ നിന്ന് യുവതിയുടെ ബാഗുമായി സുധീഷ് കടക്കുന്ന സി.സി ടിവി ദൃശ്യം

കൊച്ചി: എറണാകുളം എം.ജി റോഡിലെ ബാർ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയുടെ 80,000 രൂപയുടെ സാധനങ്ങളടങ്ങുന്ന ബാഗ് തീൻമേശയിൽ നിന്ന് അടിച്ചു മാറ്റിയ കള്ളൻ ആറു മാസത്തിന് ശേഷം മറ്റൊരു കവ‌ർച്ചാകേസിൽ പിടിയിലായി. ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മലപ്പുറം പുള്ളിപ്പാടം ചാത്തല്ലൂർ മുണ്ടംപാടത്ത് വീട്ടിൽ എം. സുധീഷിനെയാണ് (27) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ജോലി ചെയ്യുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ യുവതിയുടെ ബാഗുമായാണ് കഴിഞ്ഞ മാർച്ച് മൂന്നിന് രാത്രി 9.30ന് പ്രതി കടന്നത്.

സ്നേഹിതയ്ക്കൊപ്പം ബാർ റസ്റ്റോറന്റിലെത്തിയ യുവതി പുക വലിക്കാൻ സ്മോക്ക് മുറിയിലേക്ക് പോയ തക്കത്തിനായിരുന്നു മോഷണം. 25,000 രൂപയുടെ ഡയമണ്ട് കമ്മൽ, 10000 രൂപയുടെ മൂക്കുത്തി, 16000 രൂപയുടെ വാച്ച്, 17000 രൂപയുടെ മൊബൈൽ ഫോൺ, 2000 രൂപയുടെ ഹെഡ് സെറ്റ്, 3000 രൂപയുടെ സൗന്ദര്യവർദ്ധക സാധനങ്ങൾ, 2500 രൂപയടങ്ങിയ മണിപേഴ്സ് എന്നിവ ബാഗിലുണ്ടായിരുന്നു.

തിരിച്ചറിയൽ കാ‌ർഡുകളും നഷ്ടമായി. ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. റസ്റ്റോറന്റിലെ ഇരുണ്ട വെളിച്ചത്തിൽ ഇയാൾ ബിയർ നുണയുന്നതും യുവതിയും കൂട്ടുകാരിയും പുകവലിക്കാൻ പോയ തക്കത്തിന് ബാഗുമെടുത്ത് കടക്കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു.

കവർച്ചയ്ക്ക് ശേഷം ചെന്നൈയിൽ പൊങ്ങും

മോഷണം നടത്തിയാൽ ചെന്നൈയിലേക്ക് മുങ്ങുന്നതാണ് പ്രതിയുടെ പതിവ്. പണം തീർന്നാൽ കേരളത്തിൽ ‘പ്രൊഫഷന്’ തിരിച്ചെത്തി വീണ്ടും ‘ഫണ്ട് സമാഹരിച്ച്’ ചെന്നൈയിലേക്ക് മടങ്ങും. ഇതിനിടെ ആഗസ്റ്റ് 9ന് പുനലൂർ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് പരിസരത്തെ മെൻസ് ഹബ്ബിൽ പതിനേഴുകാരനെ കവ‌ർച്ച ചെയ്ത സംഭവത്തിൽ സുധീഷ് പുനലൂർ പൊലീസിന്റെ പിടിയിലായെന്ന് സെൻട്രൽ പൊലീസിന് വിവരം ലഭിച്ചു. രാത്രി 10.30നായിരുന്നു കവ‌ർച്ച.

പയ്യന്റെ ചെവിക്കുറ്റിക്ക് അടിച്ച് ബലാൽക്കാരേണ 4000 രൂപയാണ് തട്ടിയെടുത്തത്. പുനലൂർ പൊലീസ് പുലർച്ചെയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെയാണ് ശനിയാഴ്ച എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തയത്. കസ്റ്റഡിയിൽ വാങ്ങി എറണാകുളത്തെ ബാർ റസ്റ്റോറന്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY