
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് 2026-27ൽ 13344.11 കോടിയായി ഉയരും. 2025-26ലെ ചെലവ് 13218.99 കോടി. 2024-25ൽ 12544.73 കോടിയും .വൈദ്യൂതി ഉപഭോഗം ഉയരുകയും അഭ്യന്തര ഉത്പാദനം
കുറയുകയും ചെയ്യുന്നതാണ് കാരണം.
വൈദ്യുതി വാങ്ങൽ ചെലവടക്കം കെ.എസ്.ഇ.ബിയുടെ വിവിധ ബാദ്ധ്യതകളും കണക്കുകളും വിവരിച്ച് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ച മിഡ് ടേം പെർഫോമൻസ് റിവ്യൂവിലാണ് ഈ കണക്കി്. 2025-26 ൽ 11130.01 കോടിയാണ് വൈദ്യുതി വാങ്ങലിന് കമ്മീഷനിൽ നിന്ന് ലഭിച്ച അനുമതി. 2026-27ൽ ഇത് 11747.83 കോടിയായിരുന്നു. ഇതിൽ നിന്നും ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നിർബന്ധിതമാവുന്നു.
അതേസമയം കെ.എസ്.ഇ.ബിയുടെ വരുമാനക്കമ്മി വലിയതോതിൽ ഉയരുന്നു. 2024-25ൽ 1034.25 കോടിയായിരുന്നത് 2025-26ൽ 2166.33 കോടിയായി. 2026-27ൽ ഇത് 4139.26 കോടിയായി ഉയരുമെന്ന് കണക്ക്. ഇത്തരത്തിൽ ഉയരുന്ന ബാദ്ധ്യത ഏറ്റെടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വൈദ്യുതി നിരക്ക് വർദ്ധന മാത്രമാകും പോംവഴി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കടമെടുപ്പ് പരിധി ഉയർത്തുന്നതിന്റെ ഭാഗമായി, നഷ്ടത്തിന്റെ 90 ശതമാനം വരെ സർക്കാർ ഏറെടുത്തിരുന്നു. മിഡ് ടേം പെർഫോമൻസ് റിവ്യൂ സംബന്ധിച്ച കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ 18ന് കമ്മീഷൻ തെളിവെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |