SignIn
Kerala Kaumudi Online
Monday, 10 August 2026 3.49 AM IST

പെരിഞ്ഞനത്തിന് എന്ത് പവർക്കട്ട്,​ ആയിരം വീടുകളിൽ സോളാർ വൈദ്യുതി  ഉത്പാദനം 3.15 മെഗാവാട്ടിലേക്ക്

READ ENGLISH VERSION
solar

തൃശൂർ: പവർക്കട്ട് വന്നാൽ കൂസാത്ത ഒരു ഗ്രാമമുണ്ട് കേരളത്തിൽ, തൃശൂരിലെ പെരിഞ്ഞനം. ഇവിടത്തെ 1000 വീടുകളിലാണ് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 4000 വീടുകളാണ് പഞ്ചായത്തിലുള്ളത്. 2016-18ൽ പഞ്ചായത്തിന്റെ സഹായത്തോടെ 500 കിലോവാട്ട് ശേഷിയിലാണ് 'പെരിഞ്ഞനോർജം" പദ്ധതിക്ക് തുടക്കമിട്ടത്. ഇപ്പോൾ ഉത്പാദനം മാസം 3.15 മെഗാവാട്ടിലെത്തി. രണ്ട് മെഗാവാട്ടാണ് പ്രതിമാസ ഉപഭോഗം. ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറുന്നു.

പാനൽ സ്ഥാപിക്കാൻ ഇതുവരെ ചെലവായത് 26.25 കോടി രൂപ. സോളാർ പാനലിന് ഒരു കിലോവാട്ടിന് 65,000 രൂപ മുതൽ 75,000 വരെയാണ് ചെലവ്. ഇതിൽ 19,500 മുതൽ 25,000 വരെയാണ് സബ്സിഡി. സോളാർ പദ്ധതിക്ക് 1.3 കോടിയുടെ വായ്പാ സഹായം പ്രദേശത്തെ പാപ്പിനിവട്ടം സഹകരണ ബാങ്കാണ് നൽകിയത്. സോളാർ എനർജി കോർപ്പറേഷന്റെ 30 ശതമാനം സബ്‌സിഡിയും ലഭിച്ചു.

 'ബെസ്" പദ്ധതിക്ക് വേണം രണ്ട് കോടി

രാജ്യത്തെ ആദ്യ പഞ്ചായത്തുതല ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) ഒരുക്കാനുള്ള പദ്ധതിയും പെരിഞ്ഞനത്തിനുണ്ട്. രണ്ട് കോടി ഉപയോഗിച്ച് 20 കണ്ടെയ്‌നർ ഉൾപ്പെടുന്ന സ്റ്റോറേജ് സംവിധാനമാണ് ഒരുക്കേണ്ടത്. ഒരു മെഗാവാട്ട് വൈദ്യുതി വരെ സംഭരിക്കാം. കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ബെസ് പദ്ധതിക്കായി രണ്ട് കോടി വകയിരുത്തിയിരുന്നു. പക്ഷേ ലഭിച്ചില്ല. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ പരാമർശിച്ചില്ലെങ്കിലും പ്രതീക്ഷയിലാണ് പഞ്ചായത്ത്. 2026ലെ മുംബയ് കാലാവസ്ഥാ വാരം മേളയിൽ പെരിഞ്ഞനത്തിന്റെ സൗരോർജ മാതൃക പ്രശംസ നേടിയിരുന്നു. പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. സച്ചിത്ത് ചെയർമാനും പ്രേമൻ കൺവീനറും 15 എക്‌സിക്യുട്ടിവ് അംഗങ്ങളുമുള്ള ഉപഭോക്തൃ സമിതിയാണ് നേതൃത്വം നൽകുന്നത്.

'ഇത്തരം മാതൃക സംസ്ഥാനത്താകെ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചാൽ പവർകട്ട് ഒഴിവാക്കാം".
- കെ.കെ. സച്ചിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOLAR POWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA