
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ ഒളിവിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. സബിത്തി(38)നെ അന്വേഷണ സംഘം കൊച്ചി സർവകലാശാലയ്ക്ക് സമീപത്തെ ഫ്ളാറ്റിൽ നിന്ന് പിടികൂടി. കണ്ണൂർ ഐ.ജിയുടെയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെയും ബത്തേരി ഡിവൈ.എസ്.പി എം.എം.അബ്ദുൾ കരീമിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് സബിത്ത് കുടുങ്ങിയത്.
കാമുകിയെ കാണാൻ കൊച്ചിയിലെത്താറുണ്ടെന്ന വിവരം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് നീക്കം. കളമശേരിയിൽ സ്പാ നടത്തുന്ന വനിതാ സുഹൃത്തിന്റെ ഫോൺ സബിത്ത് ഉപയോഗിക്കുന്നതായി സൈബർ സെൽ കണ്ടെത്തി. സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സബിത്തിന്റെ വക്കീലിന്റെ ഭാര്യയ്ക്ക് അഞ്ചുലക്ഷം രൂപ കൈമാറിയതും കണ്ടെത്തി. തുടർന്നാണ് ഒളിച്ചുകഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്. തൊണ്ടി മുതൽ സ്റ്റേഷനിൽ നിന്ന് മോഷണം നടത്തിയത് പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതിന്റെ പത്താം ദിവസമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം മലപ്പുറം പൂക്കോട്ടുംപാടത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സബിത്തിന്റെ കാർ കണ്ടെടുത്തിരുന്നു.
സുൽത്താൻ ബത്തേരിയിൽ നിന്ന് മുങ്ങിയ സബിത്ത് എറണാകുളത്തെ സുഹൃത്തുക്കളുടെ വീടുകളിലും ഫ്ലാറ്റുകളിലുമായി മാറിമാറി കഴിയുകയായിരുന്നു. സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചുവന്നത്.
കഴിഞ്ഞ ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ തൊണ്ടി മുതൽ സൂക്ഷിക്കുന്നതിനായി ബത്തേരി പൊലീസിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു. തൊണ്ടി സാധനങ്ങൾ സ്‌റ്റോർ മുറിയിലാണ് സൂക്ഷിച്ചത്. അസി. റൈറ്ററുടെ ഓഫീസ് മുറിയിലായിരുന്നു സ്‌റ്റോർ മുറിയുടെ താക്കോൽ. കഴിഞ്ഞ പത്തിന് സ്‌റ്റോർമുറി ശുചീകരണത്തിനായി തുറന്നപ്പോഴാണ് തൊണ്ടി മുതലുകൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ആഗസ്റ്റ് 19-ന് സ്റ്റേഷനിൽ നിന്നും സബിത്ത് നിരോധിത പുകയില ഉത്പന്നങ്ങളടങ്ങിയ ചാക്ക് സ്വന്തം കാറിലേയ്ക്ക് എടുത്തു വെയ്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഈ ദിവസം സ്റ്റേഷന്റെ ജി ഡി ചാർജ് സബിത്തിനായിരുന്നു. ഇതോടെയാണ് പ്രതി സബിത്ത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മോഷണ വിവരം പുറത്തറിഞ്ഞതിന്റെ രണ്ടാം നാൾ ഇയാൾ മെഡിക്കൽ ലീവിൽപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |