SignIn
Kerala Kaumudi Online
Sunday, 20 September 2026 12.34 PM IST

റേഷൻ വാങ്ങാത്തവരുടെ ശ്രദ്ധയ്‌ക്ക്; ഈ വിഭാഗത്തിലുള്ള അഞ്ചര ലക്ഷത്തിലധികം കാർഡുകാർക്ക് ഉടൻ പണികിട്ടും

READ ENGLISH VERSION
ration-card
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കാനായി നിയന്ത്രണങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതോടെ മുൻഗണനാ കാ‌ർഡുകൾ സംസ്ഥാന താത്പര്യത്തിനുസരിച്ച് ഇനി വിതരണം ചെയ്യാനാവില്ല. ആറുമാസത്തിലധികമായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കാനും കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനുമാണ് നിലവിൽ കേന്ദ്രം കേരളത്തിന് നിർദേശം നൽകിയിരിക്കുന്നത്.

ഒന്നിലേറെ കാർഡുകളിൽ ഒരാൾ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ കാർഡുകളിലും മൊബൈൾ ഫോൺ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്. കൂടാതെ, ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 മുൻഗണനാ വിഭാഗത്തിലല്ലാതെയുള്ള കാർഡുകളും മരവിപ്പിക്കുമെന്നാണ് വിവരം. ഇതിൽ 4,40,811 വെള്ള കാർഡും 1,21,683 നീല കാർഡുകളും ഉൾപ്പെടുന്നുണ്ട്. എന്നാൽ, കാർഡിലെ എല്ലാ അംഗങ്ങളും മൂന്ന് മാസത്തിനകം ഇ- കെവൈസി പൂർത്തിയാക്കിയാൽ വീണ്ടും റേഷൻ വാങ്ങാനാകും. എല്ലാ അംഗങ്ങളുടെയും മൊബൈൽ ഫോൺ നമ്പറും ചേർക്കണം.

പ്രതിമാസം ശരാശരി 17.65 ലക്ഷം പേർ കേരളത്തിൽ റേഷൻ വിഹിതം കൈപ്പറ്റുന്നില്ല. ആയുഷ്‌മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം റേഷൻ കാർഡ് എടുക്കുകയും, എന്നാൽ റേഷൻ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ താത്കാലികമായി നിർജീവമാകുന്നതോടെ, അവർക്ക് ഒക്ടോബർ ഒന്ന് മുതൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സൗജന്യ അല്ലെങ്കിൽ സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ല.

ഇവിടെ കാർഡുകൾ പൂർണമായും റദ്ദാക്കുന്നില്ല. താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റേഷൻ കടകൾ വഴിയുള്ള സേവനങ്ങൾ നിലയ്ക്കും. കാർഡുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതിനാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ഇ - കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ കാർഡ് പൂർണമായും റദ്ദാക്കപ്പെടാൻ സാദ്ധ്യതയുണ്ട്.

സംസ്ഥാന താൽപ്പര്യം നടക്കില്ല

മുൻഗണനാ കാ‌ർഡുകൾ സംസ്ഥാന താത്പര്യത്തിനുസരിച്ച് വിതരണം ചെയ്യാനാവില്ല. നിലവിൽ, മുൻഗണനാ പട്ടികയിൽ നിന്ന് ഒരു കുടുംബം പുറത്തായാൽ പുതിയ അപേക്ഷകർക്ക് സംസ്ഥാനം കാർഡ് നൽകുന്നുണ്ട്. ഇത് ഒഴിവാക്കാനായി ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായ സ്മാർട്ട് പിഡിഎസ് (പബ്ളിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) ഉടൻ നടപ്പാക്കും. ഇതിനുള്ള ധാരണാപത്രത്തിൽ സംസ്ഥാനം 2024ൽ ഒപ്പിട്ടിരുന്നു. കാർഡ് വിതരണം, മുൻഗണന നിശ്ചയിക്കൽ എന്നിവയ്‌ക്കൊക്കെ കേന്ദ്രാനുമതി വേണ്ടിവരും. അനർഹർ ഒഴിവാകും. വിതരണം കാര്യക്ഷമമാകും.

സ്മാർട്ട് പിഡിഎസ് വരുന്നതോടെ ആധാർ വിവരങ്ങൾ പരിശോധിച്ച് കേന്ദ്രം മുൻഗണനാ പട്ടികയിലുള്ള അനർഹരെ ഒഴിവാക്കും. ജൂലായ് അവസാനം 73,024 കുടുംബങ്ങൾക്കു കൂടി മുൻഗണനാ റേഷൻ കാർഡുകൾ സംസ്ഥാനം അനുവദിച്ചിരുന്നു. മുൻഗണനാ കാ‌ർഡുകൾക്കാണ് (മഞ്ഞ, പിങ്ക്) സൗജന്യറേഷന് അർഹത. സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ ഉത്തരവാദിത്വം ഏതാണ്ട് പൂർണമായും കേന്ദ്രം ഏറ്റെടുക്കും. കേരളത്തിലെ റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ സെർവറിലേക്ക് കൈമാറിയിരുന്നു.

ഒരു ജില്ലയിൽ പദ്ധതി അടിയന്തരമായി നടപ്പിലാക്കിയ ശേഷം സംസ്ഥാന വ്യാപകമാക്കാനാണ് കേന്ദ്ര നിർദ്ദേശം. ഗോഡൗണുകളിൽ നിന്ന് റേഷൻകടകൾ വരെയുള്ള വിതരണം, റൂട്ട് മാപ്പ്, നീരീക്ഷണ ക്യാമറ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ചുള്ള പദ്ധതിയാണ് സ്മാർട്ട് പിഡിഎസ്. നിരീക്ഷണം വരുന്നതോടെ ധാന്യ വിതരണത്തിൽ ആവശ്യകതയ്ക്കനുസരിച്ച് കൂട്ടലും കുറവും വരുത്താൻ കേന്ദ്രത്തിനാകും.

English Summary

The Centre has directed Kerala to freeze ration cards unused for over six months and complete eKYC and mobile number verification. Smart PDS will also bring greater central oversight to priority ration card allocation and help identify ineligible beneficiaries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RATION CARD, SMART PDS KERALA, RATION CARD EKYC, KERALA RATION DISTRIBUTION, CENTRE RATION CARD RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA