SignIn
Kerala Kaumudi Online
Thursday, 24 September 2026 1.14 AM IST

സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി

READ ENGLISH VERSION
soorya

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ കലാഹൃദയമായി പരിലസിച്ച സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി. 75 വയസായിരുന്നു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ട് 6.45നായിരുന്നു അന്ത്യം. 'സൂര്യ' സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനും അമരക്കാരനുമായിരുന്നു.നടരാജ കൃഷ്ണമൂർത്തിയെന്നാണ് ഔദ്യോഗിക പേര്.

ന്യുമോണിയ ബാധയെ തുടർന്ന് രണ്ടാഴ്ചയായി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ ഉച്ചയോടെ വളരെ മോശമായി. മരണസമയത്ത് ഭാര്യ രാജിയും മകൾ സീതയും സൂര്യ പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ളയും സമീപമുണ്ടായിരുന്നു.

എല്ലാ വർഷവും ഒക്‌ടോബറിൽ തിരുവനന്തപുരത്ത് നടത്തിയിരുന്ന സൂര്യഫെസ്റ്റിവൽ ദേശീയ, അന്തർ ദേശീയ തലത്തിൽ ശ്രദ്ധേയമായിരുന്നു. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയും ഐ.എസ്.ആർ.ഒയിൽ എ.പി.ജെ അബ്ദുൾ കലാമിന്റെ കീഴിൽ 27 വർഷം സീനിയർ സയന്റിസ്റ്റായിരുന്ന അദ്ദേഹം ജോലി രാജിവച്ചശേഷമാണ് മുഴുവൻ സമയ കലാസംഘാടകനായത്. കൃഷ്ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലേറെ വേദികളിൽ അരങ്ങേറി. ഇത് പിന്നീട് ചലച്ചിത്രമായി. മലയാളം ലൈറ്റ് ആൻഡ് സൗണ്ട്‌ഷോയുടെ ഉപജ്ഞാതാവാണ്. നാടകങ്ങൾ ഉൾപ്പെടെ നൂറ്റിപ്പത്തോളം സ്റ്റേജ്‌ഷോകളുടെ സംവിധായകനാണ്.

കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്‌കാരം, മികച്ച നാടകകൃത്തിനുമുള്ള കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ്, ലിംക ബുക്ക് ഒഫ് റെക്കോഡ്സിന്റെ 'മാൻ ഒഫ് ദി ഇയർ' പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മൂന്നുതവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ആയിരുന്നു. മേൽവിലാസം, പുലരി, തുടക്കം, തുടർച്ച, അവതാരം, സ്ത്രീപർവം തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ.

ചീഫ് എൻജിനീയർ ആയിരുന്ന ടി.നടരാജപിള്ളയുടെയും ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തക സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രിൽ 11ന് കോട്ടയത്താണ് ജനനം. ഭാര്യ: രാജി. മക്കൾ: സീത (ജോയിന്റ് കമ്മിഷണർ, ഇൻകംടാക്സ്) ലക്ഷ്മണൻ (യു.എസ്.) മരുമകൻ: ചന്ദൻ കുമാർ (ജോയിന്റ് കമ്മിഷണർ,ഇൻകംടാക്സ്). ഇന്നലെ രാത്രി 9.15 ഓടെ വസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 7 മണിക്ക് തൈക്കാട് ഗണേശത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 6.45ന് ശാന്തികവാടത്തിൽ സംസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA KRISHNAMURTHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA