
കോഴിക്കോട്: 'സുഡാനി ഫ്രം നൈജീരിയ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സാവിത്രി ശ്രീധരൻ (84) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ആറു മാസത്തോളമായി കിടപ്പിലായിരുന്നു. ഇന്നലെ രാവിലെ ഒൻപതോടെ തിരുവണ്ണൂർ മാനാരിയിലെ 'ശ്രീധരം" വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം മാനാരി ശ്മശാനത്തിൽ സംസ്കരിച്ചു.
അരനൂറ്റാണ്ടിലേറെ നീണ്ട നാടക പ്രവർത്തനത്തിനു ശേഷമാണ് സാവിത്രി ശ്രീധരൻ മലയാള സിനിമയിൽ സജീവമായത്. നൂറുകണക്കിന് അമച്വർ, പ്രൊഫഷണൽ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1991ൽ എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത 'കടവ്" എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്.
74ാം വയസിൽ അഭിനയിച്ച 'സുഡാനി ഫ്രം നൈജീരിയ" എന്ന സിനിമയിലെ ജമീലത്ത എന്ന കഥാപാത്രത്തിലൂടെ 2018ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ഇതേവർഷം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറിപരാമർശത്തിനും അർഹയായിരുന്നു.
ഡാകിനി, വൈറസ്, മേരാ നാം ഷാജി, ഒരു കടത്തനാടൻ കഥ, സൈറയും ഞാനും, പട, മാഹി, ഇട്ടിമാണി, ഏഴാം കടലിനും അപ്പുറം, മടപ്പള്ളി യുണൈറ്റഡ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കെ.ടി.മുഹമ്മദിന്റെ കലിംഗ, വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളുടെ ഭാഗമായിരുന്നു. 1977ൽ കേരള സംഗീത നാടക അക്കാഡമിയുടെ മികച്ച നടിക്കുള്ള അവാർഡും 1993ൽ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. 2000ൽ കേരള സംഗീത നാടക അക്കാഡമിയുടെ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിനും അർഹയായി.
ദേശീയ അവാർഡ് നിരസിച്ചു
കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു സാവിത്രി ശ്രീധരന്റേത്. ദേശീയതലത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിട്ടും അത് സ്വീകരിക്കാൻ അവർ തയ്യാറായില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷം പ്രക്ഷോഭം നടത്തുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കേണ്ടെന്നായിരുന്നു സി.പി.എം സഹയാത്രികയായിരുന്ന സാവിത്രി ശ്രീധരന്റെ നിലപാട്.
പരേതനായ ശ്രീധരനാണ് ഭർത്താവ്. മക്കൾ: പ്രസീന, സബീന, സുനീഷ്. മരുമക്കൾ: റോയ് ഇഗ്‌നേഷ്യസ് (ഓക്‌സ്‌ഫോർഡ് പബ്ലിക് സ്‌കൂൾ), കൃഷ്ണദാസ് (റിട്ട. കെഎസ്.ആർ.ടി.സി). വീട്ടിലും കോഴിക്കോട് ടൗൺഹാളിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |