SignIn
Kerala Kaumudi Online
Monday, 21 September 2026 1.11 AM IST

നഷ്ടമായത് പ്രിയ ഗുരുനാഥനെ ഡോ .സി.ജി ബാഹുലേയൻ

s

എല്ലാ രോഗികളോടും സഹിഷ്ണുതയോടെ പെരുമാറുകയും അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്ന കരുണയുള്ള ഡോക്ടറായിരുന്നു എന്റെ പ്രിയ ഗുരുനാഥനായ ജി.വിജയരാഘവൻ.

രോഗികളെ വി.ഐ.പിയെന്നോ സാധാരണക്കാരനെന്നോ വേർതിരിച്ച് കണ്ടിരുന്നില്ല. മന്ത്രിമാരെയും വി.ഐ.പികളെയും നോക്കുന്ന അതേ ശ്രദ്ധയോടെ തന്നെയായിരുന്നു ഒ.പിയിൽ വരുന്ന സാധാരണക്കാരെയും അദ്ദേഹം പരിചരിച്ചിരുന്നത്. രോഗികളോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തിലും ഞങ്ങൾക്ക് മാതൃകയായിരുന്നു.

പ്രൊഫഷണലായും വ്യക്തിപരമായും അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വലിയൊരു നഷ്ടമാണ്.എന്റെ പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഒരുപരിധിവരെ അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്നു. എന്റെ ഗുരുവാണ്, വഴികാട്ടിയാണ്.

മൂന്നോ നാലോ മാസം മുൻപ് അദ്ദേഹത്തിന് അസുഖം കൂടി കിംസിൽ അഡ്മിറ്റ് ചെയ്തപ്പോഴാണ് അവസാനമായി കണ്ടത്. അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞ് അവിടെയെത്തി. ഇന്റൻസീവ് കെയർ യൂണിറ്റിൽ ഓക്സിജൻ സപ്പോർട്ടിലായിരുന്നു. 'വിജയരാഘവൻ സാർ' എന്ന് വിളിച്ചപ്പോൾ, എന്നെ മനസ്സിലാക്കിയതായി കാണിച്ചു. സംസാരിക്കാൻ സാധിച്ചില്ലെങ്കിലും എന്നെ തിരിച്ചറിഞ്ഞു എന്ന് മനസ്സിലായി.

1993-ൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി കോൺഫറൻസിനായി വിദേശത്ത് ഒന്നിച്ച് പോയത് ഉൾപ്പെടെ നിരവധി ഓർമ്മകളുണ്ട്. നിരവധി കാർഡിയോളജി കോൺഫറൻസുകളും തുടരഭ്യസന പരിപാടികളും ഒരുമിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും അറിയപ്പെടുന്ന പ്രശസ്തനായ കാർഡിയോളജിസ്റ്റ് എന്നതിന് പുറമെ, ഇന്ത്യയിൽ (ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ) എക്കോകാർഡിയോഗ്രാഫി സംവിധാനം 1997-98 കാലഘട്ടത്തിൽ കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണ്. ഇന്ത്യയിലെ എക്കോകാർഡിയോഗ്രാഫിയുടെ വളർച്ചയെക്കുറിച്ച് ഓർക്കുമ്പോൾ ഡോ. വിജയരാഘവന്റെ പേരാണ് ആദ്യം ഉയർന്നുവരുന്നത്.

1976-ലെ കോട്ടയം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പഠനത്തിന് ശേഷം ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ എം.ഡി ക്ക് പ്രവേശിച്ചതിനുശേഷമാണ് സാറുമായി പരിചയപ്പെടാനും അദ്ദേഹത്തിന്റെ ശിഷ്യനാകാനും ഭാഗ്യം ലഭിച്ചത്. അദ്ദേഹത്തിന്റെ ക്ലാസുകളാണ് ഞങ്ങളെ ഏറ്റവും അധികം ആകർഷിച്ചിരുന്നത്. രോഗികളോടുള്ള പെരുമാറ്റം, ക്ലിനിക്കൽ പരിശോധനകൾ എന്നിവയെല്ലാം കണ്ടുപഠിക്കാനും ജീവിതത്തിൽ പകർത്താനും ഞങ്ങൾക്ക് സാധിച്ചു.
പിന്നീട് 1978-ൽ എം.ഡി ചെയ്യുന്ന കാലയളവിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ലെക്ചററായി ജോയിൻ ചെയ്തു. ആ സമയത്ത് സാറിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. 1979 അവസാനത്തോടെ ചണ്ഡിഗഡിൽ ഡി.എം കാർഡിയോളജി പഠിക്കാനായി പോയി. ഉപരിപഠനത്തിന് പ്രോത്സാഹനം നൽകുന്നതിനും അതിനുവേണ്ട കാര്യങ്ങൾ ചെയ്തുതരുന്നതിനുമെല്ലാം സാർ മുൻപന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടു കൂടിയാണ് ചണ്ഡിഗഡിൽ ഡി. എം.പൂർത്തിയാക്കിയത്.
തിരിച്ചെത്തിയശേഷം 1982-ൽ അസിസ്റ്റന്റ് പ്രൊഫസറായി അദ്ദേഹത്തോടൊപ്പം വീണ്ടും ജോലി ചെയ്തു. 1984-ൽ അദ്ദേഹം അമേരിക്കയിൽ പോകുന്നതുവരെയും, പിന്നീട് അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ പദവികളിൽ ഇരിക്കുമ്പോഴുമെല്ലാം സാറിന്റെ കീഴിൽ തന്നെ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 1998-ൽ ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ നിന്ന് അദ്ദേഹം വിരമിക്കുമ്പോൾ, വകുപ്പ് മേധാവി സ്ഥാനം എനിക്ക് കൈമാറി .
2005-ൽ ഞാൻ സർവീസിൽ നിന്ന് വിരമിച്ചു. പിന്നീട് അദ്ദേഹം കിംസ് ആശുപത്രിയുടെ സ്ഥാപകാംഗമായും കാർഡിയോളജി വിഭാഗത്തിലും, ഞാൻ അനന്തപുരി ഹോസ്പിറ്റലിലും ചേർന്നു. ഇതിനിടയിൽ 1992 മുതൽ 1994 വരെയുള്ള കാലയളവിൽ കുവൈറ്റിൽ വ്യത്യസ്ത ആശുപത്രികളിലായിരുന്നെങ്കിലും ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA