
തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖയ്ക്ക്
എതിരെ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം. വിമർശനം കടുത്തതോടെ, വിദ്യാർത്ഥി രാഷ്ട്രീയം തടയാൻ തീരുമാനമെടുത്തിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാരിന്റെ നയമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ വ്യക്തമാക്കി. സംഭവം വിവാദമായതോടെ, അത്തരമൊരു മാർഗരേഖ തയാറാക്കിയിട്ടില്ലെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മലും അറിയിച്ചു
കോളേജുകളിലോ സർവകലാശാലയിലോ വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മാർഗരേഖയിൽ പറയുന്നത്. മാർഗരേഖ ലംഘിച്ചാൽ പ്രിൻസിപ്പലിനും , വൈസ് ചാൻസലർക്കും നടപടിയെടുക്കാം. ക്യാമ്പസിനുള്ളിൽ മുദ്രാവാക്യങ്ങളോ, പ്രതിഷേധങ്ങളോ, സമരങ്ങളോ പാടില്ല, കൊടി തോരണങ്ങൾ, രാഷ്ട്രീയ പ്രചാരണ ബോർഡുകൾ എന്നിവ സ്ഥാപിക്കരുത്. കൂട്ടംകൂടലുകളോ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള പരിപാടികളോ നടത്തിയാൽ 5000 രൂപ മുതൽ 20000 രൂപ വരെ പിഴ ചുമത്തും. സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ പഠിക്കുന്നത് വിലക്കും.ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പിഴ ഈടാക്കാമെന്നും മാർഗരേഖയിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും ,എസ്.എഫ്.ഐയും,കെ.എസ്.യുവും ഇതിനെതിരെ രംഗത്ത് വന്നു. സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമാണ് കരട് രേഖയെന്നും ,വൈസ് ചാൻസിലറുടെ തീരുമാനം അംഗീകരിക്കില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായ മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചുള്ള പൊതു താൽപര്യ ഹർജികളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പെരുമാറ്റച്ചട്ടമുണ്ടാക്കാൻ സർവകലാശാലകളോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എംജി സർവകലാശാലയിൽ കരട് പെരുമാറ്റച്ചട്ടം രൂപീകരിച്ചെങ്കിലും, ഇടത് വിദ്യാർത്ഥി സംഘടനകളടക്കം ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങി.
സംഘടനാ പ്രവർത്തനം
തടയരുത്: പിണറായി
വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർവകലാശാല ക്യാമ്പസിൽ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താൻ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതു കൊണ്ടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാജ്യത്തുയർന്നു വന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജൻഡയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിലെന്ന് വ്യക്തമാണ്. ഇതിന്പിന്നിലുള്ളവർ പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാകുമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |