
കോഴിക്കോട്: മലയോര മേഖലകളിലെ കർഷകർ നേരിടുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കണ്ടെത്താൻ 29ന് രാവിലെ ഒമ്പതര മുതൽ കോഴിക്കോട് തിരുവമ്പാടി പാരിഷ് ഓഡിറ്റോറിയത്തിൽ സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പാണ് വനം വകുപ്പുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.
വെറ്ററിനറി - കാർഷിക സർവകലാശാലകൾ, ഐ.സി.എ.ആർ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, കെ.എഫ്.ആർ.ഐ, വിവിധ അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ എന്നിവയിലെ വിദഗ്ദ്ധരും കർഷകരും നേരിട്ട് ചർച്ചകളിൽ പങ്കാളികളാകും. കൃഷിയിടങ്ങളെ സംരക്ഷിക്കാൻ പരമ്പരാഗത പ്രതിരോധ രീതികൾക്ക് പുറമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജൈവവേലി, സാങ്കേതികവിദ്യ അധിഷ്ഠിത പ്രതിരോധം എന്നിവ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലകളിൽ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണങ്ങളായതിനാൽ 'മനുഷ്യ-വന്യജീവി സംഘർഷം' എന്ന പ്രയോഗത്തിന് പകരം 'വന്യജീവി ആക്രമണ പ്രതിരോധം' എന്നതിനാണ് മുൻഗണന നൽകുക. കോൺക്ലേവിൽ രൂപപ്പെടുന്ന മികച്ച പ്രായോഗിക നിർദ്ദേശം വിവിധ പ്രദേശങ്ങളിൽ പൈലറ്റ് പ്രൊജക്ടായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |