
# ധൃതിപിടിച്ച് ചുരുക്കപ്പട്ടികയിലേക്ക്
# ഒരു ഉത്തരത്തിൽ മാറ്റം, നാലെണ്ണം റദ്ദാക്കി
തിരുവനന്തപുരം: നിരവധി പരാതികളുയർന്ന പി.എസ്.സിയുടെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ പരീക്ഷയുടെ അന്തിമ ഉത്തരസൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെ വിവാദം മുറുകി. തുടർച്ചയായ 54 ചോദ്യങ്ങൾക്ക് ഉത്തരം ബി ഓപ്ഷൻ വരുന്ന തരത്തിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്. ഒരു ഉത്തരം ബി.ഓപ്ഷൻ മാറ്റി എ ആക്കിയിട്ടുണ്ട്. നൂറിൽ നാലു ചോദ്യങ്ങൾ റദ്ദാക്കി.
ഉത്തരം അറിയാത്ത വേണ്ടപ്പെട്ടവർ പട്ടികയിൽനിന്ന് പുറത്താകാതിരിക്കാനുള്ള ഒത്തുകളിയാണെന്ന ആക്ഷേപം ഉയന്നിരുന്നു. അതു വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസം അന്തിമ ഉത്തരസൂചിക പി.എസ്.സി പ്രസിദ്ധീകരിച്ചത്. ധൃതിപിടിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കാൻ അനുമതി കൊടുത്തതും സംശയാസ്പദമാണ്. സാധാരണ ഉത്തര സൂചിക പ്രസിദ്ധീകരിച്ച് മൂല്യനിർണയവും നടത്തിയശേഷമാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ അനുമതി കൊടുക്കുന്നത്. പി.എസ്.സിക്കെതിരെ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നത് വകവയ്ക്കാതെയാണ് ഈ നടപടിക്രമവും തെറ്റിച്ചത്.
എ കോഡ് അനുസരിച്ച് 20-ാം നമ്പർ ചോദ്യത്തിന്റെ ഉത്തരമാണ് എ എന്ന് തിരുത്തിയത്. റദ്ദാക്കിയ ചോദ്യങ്ങളുടെ നമ്പറുകൾ 14, 38, 43, 88.
ഉദ്യോഗാർത്ഥികൾ പി.എസ്.സിക്കും മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിരുന്നു. പി.എസ്.സി നിയോഗിച്ച വിദഗ്‌ദ്ധസമിതി പരാതി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് കൊടുത്തതിനെ തുടർന്നാണ് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. മൂല്യനിർണയത്തിന് ശേഷം ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
റിസർച്ച് ഓഫീസർ പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സെലക്ഷൻ പ്രൊപ്പോസൽ കമ്മിഷൻ യോഗത്തിൽ അവതരിപ്പിക്കുകയും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതിനൽകിയതും ഗൂഢാലോചനയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
ഈ പരീക്ഷ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം ദുരൂഹമാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |