
തിരുവനന്തപുരം: സൈക്കിളിൽ നിന്നുവീണതും തലയിൽ തേങ്ങ വീണതുമെല്ലാം വാഹനാപകടങ്ങളാക്കി മാറ്റി വ്യാജരേഖകളിലൂടെ വൻതുക ഇൻഷ്വറൻസ് ക്ലെയിം തട്ടിയെടുക്കുന്ന മാഫിയയെ പൂട്ടാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ചു. വ്യാജ മോട്ടോർ വാഹനാപകട ക്ലെയിം കേസുകളാവും അന്വേഷിക്കുക. തലസ്ഥാനത്ത് മാത്രം 50 കോടിയിലേറെ തട്ടിപ്പ് നടത്തിയതിന് 12കേസുകളുണ്ട്. സംസ്ഥാനത്താകെ 50ഓളം കേസുകൾ ക്രൈംബ്രാഞ്ചിലുണ്ട്. പൊലീസുദ്യോഗസ്ഥർ, അഭിഭാഷകർ, ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ, ഇടനിലക്കാർ, മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവരടങ്ങിയതാണ് ക്ലെയിം തട്ടിപ്പു മാഫിയ. ഒരേ വാഹനം തന്നെ ഒന്നിലധികം അപകടങ്ങളിൽ ഉൾപ്പെട്ടതായി വ്യാജരേഖ ചമച്ചും ഇൻഷ്വറൻസ് ക്ലെയിം തട്ടുന്നുണ്ട്.
ക്രമസമാധാന ചുമതല വഹിക്കുന്ന അഡി.ഡി.ജി.പി പി.വിജയൻ അദ്ധ്യക്ഷനായും സൈബർ ഓപ്പറേഷൻസ് ഐ.ജി പി.പ്രകാശ്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ, മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളായുമാണ് എസ്.ഐ.ടി രൂപീകരിച്ചത്. സംസ്ഥാനത്താകെ വ്യാജ ക്ലെയിമുകൾ നിരീക്ഷിച്ച് കണ്ടെത്തും. സംശയാസ്പദമായ എല്ലാ കേസുകളും ഇൻഷ്വറൻസ് കമ്പനികൾ നിർബന്ധമായും എസ്.ഐ.ടിക്ക് കൈമാറണം. ക്ലെയിം തട്ടിയെടുക്കാൻ ഒരേ വാഹനം, ഡ്രൈവിംഗ് ലൈസൻസ്, പരാതിക്കാരൻ എന്നിവ ആവർത്തിക്കുന്നത് എസ്.ഐ.ടി കണ്ടെത്തും. ഇതിനായി ഇ-കോർട്സ് അടക്കം ഡേറ്റാബേസുകളിലെ വിവരങ്ങളുമുപയോഗിക്കും. ഇൻഷ്വറൻസ് കമ്പനികളും എസ്.ഐ.ടിക്ക് വിവരങ്ങൾ കൈമാറണമെന്ന് ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി മിൻഹാജ് അലമിന്റെ ഉത്തരവിലുണ്ട്.
ഇൻഷ്വറൻസ് തട്ടാൻ തിരുവനന്തപുരത്ത് 300ലേറെ വ്യാജ കേസുകളുണ്ടാക്കിയെന്ന് രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മ്യൂസിയം, തമ്പാനൂർ, ട്രാഫിക് സ്റ്റേഷനുകളിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി കണ്ടെത്തിയ 12തട്ടിപ്പുകൾ കേസായി. 5പൊലീസുകാർ, വ്യാജപരാതി നൽകിയവർ, അഭിഭാഷകർ എന്നിവർ പ്രതികളായി. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ സ്റ്റേഷനുകളിലും വ്യാജഅപകട കേസുകളുണ്ട്. കഴിഞ്ഞവർഷം മാർച്ചിലും തലസ്ഥാനത്തെ എസ്.ഐയ്ക്കെതിരേ കേസെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേതായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്രുകൾ ഹാജരാക്കിയും ഇൻഷ്വറൻസ് തുക തട്ടിയെടുത്തിട്ടുണ്ട്. തങ്ങളുടെ പേരിൽ വ്യാജരേഖകൾ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ മൊഴി. വിദേശത്തുവച്ച് അപകടത്തിൽ പരിക്കേറ്റത് കേരളത്തിൽ വച്ചാണെന്ന വ്യാജരേഖയുണ്ടാക്കിയും ഇൻഷ്വറൻസ് തുക തട്ടാൻ ശ്രമമുണ്ടായിരുന്നു. ബജാജ് അലയൻസ്, ഐ.സി.ഐ.സി.ഐ ലൊംബാർഡ് കമ്പനികൾ സർക്കാരിന് പരാതിനൽകിയിരുന്നു. എസ്.ഐ.ടി രൂപീകരിക്കാൻ സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു.
അപകടം തമിഴ്നാട്ടിൽ,
കേസ് തലസ്ഥാനത്ത്
2018 ആഗസ്റ്റിൽ തമിഴ്നാട്ടിൽ വച്ച് അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ രാജനെ ഉപയോഗിച്ച് തിരുവനന്തപുരത്ത് അപകടമുണ്ടായതായി വ്യാജരേഖയുണ്ടാക്കി മ്യൂസിയം സ്റ്റേഷനിൽ കേസെടുത്തിരുന്നു. 12ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസും നൽകി. ഓട്ടോ അപകടത്തിൽ പെട്ടെന്ന് മോട്ടോർവാഹനവകുപ്പും സാക്ഷ്യപ്പെടുത്തി.
വിശദമായ അന്വേഷണത്തിൽ രാജന് അപകടമുണ്ടായത് തമിഴ്നാട്ടിലെ പാലൂരിൽ വച്ചാണെന്ന് കണ്ടെത്തി. ഇയാളോടിച്ച വാഹനം നിയന്ത്രണവിട്ട് രണ്ട് വാഹനങ്ങളിലിടിച്ചു. കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി രാജന്റെ ശരീരത്തിൽ തുളച്ചുകയറി. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ചികിത്സയ്ക്കെത്തിച്ച രാജനെ ഉപയോഗിച്ചാണ് വ്യാജകേസുണ്ടാക്കിയത്.
''സംശയാസ്പദമായ വ്യാജ മോട്ടോർ വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകൾ കണ്ടെത്തി പരിശോധിച്ച് അതിവേഗം നടപടികളെടുക്കും
-പി. വിജയൻ
എ.ഡി.ജി.പി, ക്രമസമാധാനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |