SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.45 AM IST

നെയ്യ് ക്രമക്കേടിൽ ഉന്നതതല ഗൂഢാലോചന; അന്വേഷണം ക്രൈംബ്രാഞ്ചിന്

READ ENGLISH VERSION

1

തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വാങ്ങിയ ശേഷം തമിഴ്നാട്ടിലെ വ്യാജ നെയ്യ് സന്നിധാനത്തെത്തിച്ച് നടത്തിയ വൻ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ആസൂത്രിതമായ ഉന്നതതല ഗൂഢാലോചനയും ചട്ടലംഘനവും നടന്നിട്ടുണ്ടെന്ന് റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, ദേവസ്വം മന്ത്രി കെ.മുരളീധരന് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് അന്വേഷണത്തിന് ശുപാർശ നൽകിയിരുന്നത്. കഴിഞ്ഞ മണ്ഡലകാല മകരവിളക്ക് കാലഘട്ടത്തിൽ ശബരിമലയിലേക്ക് 1.67 ലക്ഷം ലിറ്റർ നെയ്യ് സംഭരിച്ചതിലാണ് ക്രമക്കേട്. നെയ്യ് എവിടെ വച്ച് വ്യാജ നെയ്യായി മാറി, ശേഷിച്ചവ എങ്ങോട്ട് കൊണ്ടുപോയി, ആർക്കൊക്കെയാണ് ഉത്തരവാദിത്വം എന്നിവയാണ് അന്വേഷിക്കുക.

കരാർ നൽകുന്നതിന് വഴിവിട്ട ഇടപാട് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്വാട്ട് ചെയ്ത തുകയിൽ മാറ്റം വരുത്തി കുറഞ്ഞ തുക രേഖപ്പെടുത്തി. മിൽമ കവറിലാണ് നെയ്യ് സന്നിധാനത്തെത്തിച്ചത്. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ നെയ്യ് പരിശോധിക്കുകയും ചെയ്തു. പമ്പയിൽ വച്ച് പരിശോധന കഴിഞ്ഞസമയത്തും കൊണ്ടുപോകുന്ന സമയത്തും പാക്കറ്റ് മാറ്റാം. അതിനാൽ വിശദമായ അന്വേഷണം സർക്കാർ ഏജൻസികളെക്കൊണ്ട് നടത്തണമെന്നാണ് ശുപാർശ. ശബരിമലയിലേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശബരിമലയിൽ ഉപയോഗിക്കാനാണ് തീരുമാനമെന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.


 ദേവസ്വം വിജിലൻസ് അന്വേഷിക്കും

ക്രമക്കേടിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് ദേവസ്വം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. കരാർ ഉറപ്പിക്കാനും പമ്പയിൽ നിന്നും കയറ്റി വിടാനും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ സഹായിച്ചിട്ടുണ്ടെന്നാണ് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടും പരിശോധിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMEBRANCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ