
തിരുവനന്തപുരം: എണ്ണമറ്റ ഹൃദയങ്ങൾക്ക് കാവലാളായിരുന്ന ആ ഹൃദയതാളം നിലച്ചു. പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധൻ തിരുവനന്തപുരം കുമാരപുരം ഗോവിന്ദത്തിൽ ഡോ.ജി. വിജയരാഘവൻ (ഗോവിന്ദൻ വിജയരാഘവൻ, 84) വിടവാങ്ങി. ദീർഘനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്നലെ ആരോഗ്യനില വഷളായതിനെ തുടർന്ന് കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് രണ്ടരയോടെ അന്ത്യം സംഭവിച്ചു.
ഭൗതികശരീരം നാളെ രാവിലെ എട്ടുമുതൽ 11വരെ കിംസ് ആശുപത്രിയിലും തുടർന്ന് വൈകിട്ട് നാലുവരെ കുമാരപുരത്തെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ. കുമാരനാശാന്റെ ചെറുമകൾ നളിനിയാണ് ഭാര്യ. മക്കൾ : ഡോ.വിഷ്ണു വിജയരാഘവൻ (ഓസ്ട്രേലിയ), കൃഷ്ണൻ വിജയരാഘവൻ (ഐ.ടി എൻജിനിയർ,ബംഗളൂരു), മരുമകൾ മീര. കൊച്ചുമകൻ രോഹിത്.
ഹൃദ്രോഗചികിത്സാ രംഗത്തെ മികവിന് 2009ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രി സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമാണ്. പത്രാധിപർ കെ.സുകുമാരൻ ഉൾപ്പെടെ നിരവധി പ്രമുഖരെ ചികിത്സിച്ചിട്ടുണ്ട്. സംസ്‌കൃത പണ്ഡിതൻ സാഹിത്യ ശിരോമണി എം.കെ.ഗോവിന്ദന്റെയും ഗൗരിക്കുട്ടിയുടെയും മകനായി 1942 സെപ്തംബർ 18ന് കൊല്ലം പെരുമ്പുഴയിലായിരുന്നു ജനനം. 1964ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും ജനറൽ മെഡിസിനിൽ എം.ഡിയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് കാർഡിയോളജിയിൽ ഡി.എമ്മും നേടി.
തിരുവനന്തപുരം,കോട്ടയം,കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസറായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, കുവൈറ്റ് യൂണിവേഴ്സിറ്റി ആൻഡ് ചെസ്റ്റ് ഡിസീസ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
1998ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം മേധാവിയായിരിക്കെ സർവീസിൽ നിന്ന് വിരമിച്ചു. ശേഷം ദുബായിലെ വെൽകെയർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറായി. നെടുമങ്ങാട് അശ്വനി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ എക്കോകാർഡിയോളജി കൗൺസിലിന്റെ ചെയർമാനായിരുന്നു. ഹൃദ്രോഗ സംബന്ധിയായ നിരവധി പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |