
കോഴിക്കോട്: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഏഴാമത് ഇ.എസ്.എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട കേരളത്തിലെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്രകിലോമീറ്റർ മേഖലയിലെ ജനവാസ- കാർഷിക ഭൂമികളെ പൂർണമായും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂലായ് 25ന് പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള 60 ദിവസത്തെ സമയപരിധി ഈ മാസം 24ന് അവസാനിക്കും. സർക്കാരിന്റെ സമഗ്രവും കൃത്യവുമായ മറുപടി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് സമർപ്പിക്കും. 30ലധികം വില്ലേജുകളെ പട്ടികയിൽ നിന്ന് പൂർണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലേജുകളിൽ ജനവാസകേന്ദ്രങ്ങളെയും കാർഷിക ഭൂമികളെയും ഇ.എസ്.എ പരിധിയിൽ നിന്ന് മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി, പരിസ്ഥിതി, കൃഷി, റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തുടർ കൂടിയാലോചന നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |