
കൊച്ചി: ലക്ഷദ്വീപ് തീരത്ത് മീൻപിടിത്ത ബോട്ടിലുണ്ടായ സംഘർഷത്തിൽ അസാം സ്വദേശിയായ തൊഴിലാളിയെ കാണാതായി. തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും അസാം സ്വദേശികളും തമ്മിലായിരുന്നു സംഘട്ടനം. സംഭവത്തിൽ ബോട്ടുടമയുടെ മക്കളുൾപ്പെടെ 5 പേരെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.
പത്ത് തൊഴിലാളികളുമായി ആഗസ്റ്റ് 28ന് തോപ്പുംപടിയിൽ നിന്ന് ഉൾക്കടലിൽ പോയ 'എൻ ഋഷികശ്രീ" എന്ന തമിഴ്നാട് രജിസ്ട്രേഷൻ ബോട്ടിലെ തൊഴിലാളി അസാം നാഗോൺ ലോങ്ജാപ് ബോർപാനി സ്വദേശി രാജു മജുംദാറിനെയാണ് (37) കാണാതായത്. ഇതേ ബോട്ടിലുണ്ടായിരുന്ന രാജുവിന്റെ സുഹൃത്തും അസാം ഹോജായി ജോഗിജാൻ സ്വദേശിയുമായ സരാജിത് ബിശ്വാസിന്റെ പരാതിയിലാണ് കേസെടുത്തത്. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അബിൻ, സൂര്യ, സത്യ, ജഗദീഷ് എന്നിവരുൾപ്പെടെ കസ്റ്റഡിയിലുണ്ട്.
ഈ മാസം 16ന് രാവിലെയാണ് ബോട്ടിൽ സംഘട്ടനമുണ്ടായത്. മീൻ ലഭ്യത കുറവായതിനാൽ തീരത്തേക്ക് മടങ്ങണമെന്ന് രാജു മജുംദാർ ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് തൊഴിലാളികൾ അംഗീകരിച്ചില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ രാജുവിനെ മറ്റ് തൊഴിലാളികൾ ബോട്ടിലെ തൂണിൽ കെട്ടിയിടുകയും വലിയ റോപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. രാജുവിന്റെ മൊബൈൽ ഫോണും കൈക്കലാക്കി. തുടർന്ന് രാത്രി എട്ടോടെയാണ് കാണാതായത്.
രാജു മജുംദാർ കരയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും ബോട്ടിലെ ബാറ്ററിക്ക് തീ കൊളുത്തുകയും ചെയ്തപ്പോഴാണ് കെട്ടിയിട്ടതെന്ന് കസ്റ്റഡിയിലുള്ള തൊഴിലാളികൾ പറഞ്ഞു. കെട്ടഴിച്ച സമയത്ത് ആദ്യം രാജു മജുംദാറും തുടർന്ന് പരാതിക്കാരനായ സരാജിത് ബിശ്വാസും കടലിൽ ചാടി. മറ്റ് തൊഴിലാളികൾ ഒപ്പം ചാടി സരാജിതിനെ രക്ഷപ്പെടുത്തിയെങ്കിലും രാജുവിനെ കണ്ടെത്താനായില്ല. തുടർന്ന് തീരത്തേക്ക് മടങ്ങി.
വെള്ളിയാഴ്ച തോപ്പുംപടിയിൽ ബോട്ട് തിരിച്ചെത്തിയ ശേഷം തന്നെ പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സരാജിത് ബിശ്വാസിന്റെ മൊഴിയിലുണ്ട്. കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ നാവികസേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തുമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. കൊല്ലത്തെ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കടലിൽ പോയിരുന്ന രാജു മജുംദാറും സരാജിത് ബിശ്വാസും ഒരു മാസം മുമ്പാണ് സുഹൃത്ത് മുഖേന തോപ്പുംപടിയിൽ ജോലിക്കെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |