
തിരുവനന്തപുരം: പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയുടെ 5 കൂട്ടാളികൾ തലസ്ഥാനത്ത് പിടിയിൽ. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാസംഘത്തിലുളള, തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂർ സ്വദേശികളായ വെങ്കിടേഷ്, സംഗീത് സുരേഷ്, ആദിത്യൻ എന്നിവരാണ് പിടിയിലായത്.
ഷൈജു, ഷാ എന്നിവരുടെ പേരിൽ തുമ്പയിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷൈജുവിനെതിരേ, സാമൂഹ്യ മാദ്ധ്യമത്തിൽ ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടതിന്സൈബർ കേസും രജിസ്റ്റർ ചെയ്തു. തുമ്പ, തമ്പാനൂർ പൊലീസുദ്യോഗസ്ഥരാണ് പിടികൂടിയത്. സ്വർണം പൊട്ടിക്കൽ അടക്കം കേസുകളിലെ പ്രതിയായ അർജുൻ ആയങ്കി, തലസ്ഥാനം കേന്ദ്രീകരിച്ച് ഗുണ്ടാസംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിയപ്പോഴെല്ലാം ആയങ്കി പ്രതികളോടൊപ്പം താമസിച്ചിരുന്നു. ഇവരുമായി ഇപ്പോഴും ബന്ധമുണ്ടെന്നും ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. ആയങ്കിയുടെ പേരിൽ 23ലേറെ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിർദ്ദേശാനുസരണം എല്ലാ ജില്ലകളിലെയും ഗുണ്ടകളെ പിടികൂടാനും ഒളിവിലുള്ള അർജുനെ പിടിക്കാനും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പരിശോധനകൾ 'ഓപ്പറേഷൻ ഗ്രിപ്പ്' തുടരുകയാണ്. വാറണ്ടുള്ള പ്രതികളേയും ഗുണ്ടാലിസ്റ്റിലുള്ളവരേയും പിടികൂടാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം അർജുൻ ആയങ്കി വിഷയത്തിൽ സി.പി.എം നേതാവ് പി.ജയരാജനെ ലക്ഷ്യംവച്ച് ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനു തോമസ്. ഇത്തരം വ്യക്തികളെ ഇങ്ങനെ മാറ്റിയെടുത്തതിൽ സി.പി.എം മുൻ ജില്ലാസെക്രട്ടറി ആണെന്ന് മനു തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ഇവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്. ഈ ജില്ലാസെക്രട്ടറിയുടെ കാലത്ത് സി.പി.എം ഓഫീസ് ഇവരുടെ താവളമായിരുന്നുവെന്നും ഫേസ്ബുക്കിൽ കുറിച്ചു.
സുഹൃത്ത് കരുതൽ തടങ്കലിൽ
ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ സുഹൃത്ത് പയ്യന്നൂർ പെരിങ്ങോം സ്വദേശിയായ ടി.പി.മുഹമ്മദ് റിഷാദിനെ (28) തലശേരി പൊലീസ് കരുതൽ തടങ്കലിലാക്കി. രാവിലെ പട്രോളിംഗ് നടത്തുന്നതിനിടെ തലശേരി എം.എം റോഡ് ജംഗ്ഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.തലശേരിയിലെ ഒരു വസ്ത്രക്കടയിൽ ജോലി ചെയ്യുന്നയാളാണ് മുഹമ്മദ് റിഷാദ്.
വെടിവയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ല
ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പാലക്കാട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് ഒരു രീതിയുണ്ട്. ചുമ്മാ ആരെയെങ്കിലും വെടിവയ്ക്കാനാകുമോ?. അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. അർജുൻ ആയങ്കിയൊന്നും വലിയ കാര്യമല്ല. അത് പൊലീസ് നോക്കിക്കോളും. ഓപ്പറേഷൻ തൂഫാനുശേഷം മയക്കുമരുന്നിന്റെ ഉപഭോഗം കുറഞ്ഞു. കൊറിയർ സർവീസിലൂടെയാണ് വ്യാപകമായി ലഹരി എത്തിക്കുന്നത്. അത് അവസാനിപ്പിക്കണമെന്ന് താക്കീതു നൽകിയെന്നും മന്ത്രി പറഞ്ഞു.
പൊലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി
കണ്ണൂർ: പൊലീസിനെ വീണ്ടും പരിഹസിച്ച് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നെഴുതിയ കുറിപ്പാണ് ഇന്നലെ പുറത്തുവന്നത്. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി വെടിവയ്ക്കാനാണ് ഉത്തരവിട്ടത്. തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷിക്കണം. മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിറുത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും. പിന്നെയവനു ചത്താലും ഭയപ്പാടില്ല എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |