
തിരുവനന്തപുരം: വിദ്യാർത്ഥി പ്രവേശനം മുതൽ ഫല പ്രഖ്യാപനം വരെ കൃത്യ സമയത്താക്കാൻ അക്കാഡമിക് കലണ്ടർ പുതുക്കുന്നു. സമയ ക്രമം സംബന്ധിച്ച സൂക്ഷ്മ വിവരങ്ങൾ ഉൾപ്പെടുത്തിയാവും കലണ്ടറെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ പ്രൊഫ. അച്യുത് ശങ്കർ. എസ്. നായർ അറിയിച്ചു.
പ്രവേശന നടപടികൾ, ക്ലാസുകളുടെ ആരംഭം, പരീക്ഷകൾ, ഫലപ്രഖ്യാപനം, അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷാ പൂർത്തീകരണം, ഹോസ്റ്റൽ ഒഴിയൽ എന്നിവയ്ക്കുള്ള സമയക്രമം അക്കാഡമിക് കലണ്ടറിലുണ്ടാവും. യൂത്ത് ഫെസ്റ്റിവലുകൾ, കായിക മേളകൾ എന്നിവയുടെ നടത്തിപ്പിനും ഫണ്ട് അനുവദിക്കുന്നതിനുള്ള സമയക്രമവും ഉൾപ്പെടുത്തും. അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം സമയക്രമത്തിൽ മാറ്റം വേണ്ടി വന്നാൽ ഉപയോഗിക്കാനാകുന്ന റിസർവ് ദിനങ്ങളും മുൻകൂട്ടി രേഖപ്പെടുത്തും. വിശദമായ പഠനത്തിനും സർവകലാശാലകളുടെയും കോളേജുകളുടെയും നിർദേശങ്ങൾ പരിഗണിച്ചതിനും ശേഷമായിരിക്കും അക്കാഡമിക് കലണ്ടർ അന്തിമമാക്കുക. സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കൗൺസിൽ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. ആബിദ ഫാറൂഖി, കമ്മിറ്റി ചെയർമാൻ ഡോ. എബ്രഹാം എ. , അംഗങ്ങളായ ഷിജിദ ഷൈൻ , ഡോ. രശ്മി സി. പണിക്കർ, ഡോ. സുധീർ ബി., ഡോ. അനീഷ് എ.എസ്. എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |