
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി പിൻവലിച്ചു. ചെന്നൈ ചെങ്കൽപ്പെട്ട് കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹർജി തീർപ്പാക്കി.
വിജയ്‌യുടെ അമ്മ ഇടപെട്ട് സംഗീതയുമായും കുടുംബവുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹർജി പിൻവലിച്ചതെന്നാണ് വിവരം. സംഗീത വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരായതും നിലപാട് അറിയിച്ചതും. വിജയ് ഹാജരായില്ല.
വിജയ്‌യിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാഹമോചന ഹർജി നൽകിയത്. മറ്റൊരു സ്ത്രീയോടുള്ള അടുപ്പം ഉന്നയിച്ചായിരുന്നു ഹർജി. മൂന്നു തവണ പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 26ന് തിരഞ്ഞെടുപ്പ് കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് കുടുംബകോടതി ജഡ്ജി ശശികല ആദ്യം ഹർജി പരിഗണിച്ചത്. വോട്ടെടുപ്പിന് മൂന്നുദിവസം മാത്രമുള്ളപ്പോഴും പരിഗണിച്ചു. കക്ഷികൾ ഹാജരാകാതിരുന്നതിനാൽ ജൂൺ 14ലേക്കു മാറ്റി. ഒടുവിൽ ഇന്നലെ പരിഗണിച്ചപ്പോൾ സംഗീത ഹർജി പിൻവലിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഹർജി നിലനിൽക്കുമ്പോഴാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച് വിജയ് മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലുൾപ്പെടെ നടി തൃഷയുടെ സാന്നിദ്ധ്യം ചർച്ചയായിരുന്നു. വിവാഹമോചന ഹർജിയിൽ ആരോപിച്ച കാര്യങ്ങളുമായി തൃഷയെ ചേർത്ത് പ്രചാരണവും ഉണ്ടായി.
വിവാഹ വാർഷിക
ദിനത്തിൽ ഒന്നിക്കും?
ആഗസ്റ്റ് 25ന് വിജയ്- സംഗീത 27-ാം വിവാഹ വാർഷിക ദിനമാണ്. അന്ന് ഇരുവരും ഒന്നിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിജയ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. ശ്രീലങ്കൻ വംശജയായ സംഗീത 1996ലാണ് വിജയ്‌യെ ആദ്യം കാണുന്നത്. 1998ൽ ബ്രിട്ടണിൽ വിവാഹിതരായി. 1999 ആഗസ്റ്റ് 25ന് ഹിന്ദു ആചാരപ്രകാരം ചെന്നൈയിൽ വിവാഹം നടത്തി. വിവാദങ്ങളുണ്ടായപ്പോൾ മക്കൾ ജേസണും ദിവ്യയും സംഗീതയ്‌ക്കൊപ്പമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |