SignIn
Kerala Kaumudi Online
Monday, 10 August 2026 3.50 AM IST

ജൈവക്കൃഷിക്ക് സംസ്ഥാന പുരസ്‌കാരത്തിളക്കം വിത്തിട്ടത് വൈവിദ്ധ്യം; വിളഞ്ഞത് അംഗീകാരം

shajahan-

കൊടുങ്ങല്ലൂർ: 3.5ഏക്കറിൽ കുരുമുളകും ഇഞ്ചിയും മഞ്ഞളും വാഴയും ചക്കയും പച്ചക്കറികളും.ഒപ്പം മത്സ്യവും കന്നുകാലികളും തേനീച്ചയും വരെ വളർത്തിയൊരുക്കിയ കൃഷിയിടം. മണ്ണറിഞ്ഞു വിത്തിട്ടാൽ പൊന്നുവിളയിക്കാമെന്നു തെളിയിച്ച ജൈവ കർഷകൻ. എട്ടുതവണ മികച്ച സംസ്ഥാന-ജില്ലാ കർഷകനുള്ള അംഗീകാരങ്ങൾ നേടിയ കൊടുങ്ങല്ലൂർ ഉഴുവത്തുകടവിൽ വട്ടപ്പറമ്പിൽ ഷാജഹാനാണ് ഈ നേട്ടത്തിനുടമ. ഇത്തവണയും ജൈവ കർഷകനുള്ള പുരസ്‌കാരം ഷാജഹാനെ തേടിയെത്തി. പരമ്പരാഗത അറിവും ആധുനിക സാങ്കേതികവിദ്യയും ചേർത്ത്, പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞ പരിസ്ഥിതി സൗഹൃദ കൃഷിരീതിയാണ് ഇവിടെ. അപൂർവമായ 39ഇനം കുരുമുളക്, ഇഞ്ചി, ചീര, പടവലം, പയർ, വാഴ, കാച്ചിൽ, ചേമ്പ്, പ്ലാവ്, മാവ് തുടങ്ങി വിളകളുടെ നീണ്ട നിര. 450 കോൺക്രീറ്റ് തൂണുകളും ആയിരത്തിലേറെ പി.വി.സി പൈപ്പുകളും ഉപയോഗിച്ച് വിയറ്റ്‌നാം മാതൃകയിലാണ് കുരുമുളക് കൃഷി. സ്ഥലപരിമിതിക്ക് പരിഹാരമായി 400 കോൺക്രീറ്റ് റിംഗുകളുടെ മധ്യത്തിൽ ഇഞ്ചിയും മഞ്ഞളും വളർത്തുമ്പോൾ, അരികുകളിൽ പയറും മുളകും നട്ടുപിടിപ്പിക്കുന്ന ഇടവിള രീതിയും പ്രത്യേകതയാണ്. സ്പ്രിങ്ക്‌ളറും തുള്ളിനനയും ഉപയോഗിച്ച് ഓരോ തുള്ളിവെള്ളവും കൃത്യമായി വിനിയോഗിക്കുന്നു. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ കൃഷിയെ മുന്നോട്ട് നയിക്കുമ്പോഴും പുതിയതലമുറയെ മണ്ണിലേക്ക് അടുപ്പിക്കുക എന്നതാണ് ഷാജഹാന്റെ ലക്ഷ്യം. യുവാക്കളിലേക്കും കുട്ടികളിലേക്കും കാർഷിക സംസ്‌കാരം എത്തിക്കാനും കർഷകർക്കായി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് ഭൂമി സംരക്ഷണം ഉറപ്പാക്കാനും ഇദ്ദേഹം പദ്ധതിയിടുന്നുണ്ട്.


 മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കും

വിളവെടുത്ത ഉത്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ചാണ് വരുമാനം കൂട്ടുന്നത്. 'അൽസ പ്രോഡക്ട്‌സ്' എന്ന പേരിൽ ഉണക്കിയ ചെമ്മീൻ, മരച്ചീനി, ചക്ക, മഞ്ഞൾപ്പൊടി, കുരുമുളക്, ഇഞ്ചി, ചക്കക്കുരു, കപ്പ,അച്ചാറുകൾ, നെയ്യ്, തൈര് തുടങ്ങിയവ വിപണിയിലെത്തിക്കുന്നു. കൃഷി മാത്രമല്ല, 16 കാളകൾ, പശുക്കൾ, ആട്, കോഴി, ചെറുതേനീച്ച, തദ്ദേശീയവും വിദേശീയവുമായ മത്സ്യങ്ങളുള്ള രണ്ട് വലിയ കുളങ്ങൾ എന്നിവയുമുണ്ട്. രാജപാളയം നായ്ക്കളും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. 2006ൽ ജില്ലാതല മികച്ച മത്സ്യകർഷകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL