
കടയ്ക്കാവൂർ: പഞ്ചായത്തിലെ ചെക്കാലവിളാകത്തെ നവീകരണവുമായി ബന്ധപ്പെട്ട് പുതിയ പൊതുമാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നത് കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ആധുനിക രീതിയിൽ നവീകരിക്കുന്നതിനായാണ് പഴയ ചന്ത പൊളിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും പുതുതായി പണിയുന്ന കെട്ടിടത്തിന്റെ അടിസ്ഥാനം പോലും പൂർത്തിയാക്കിയിട്ടില്ല.
കച്ചവടക്കാർ വെയിലും മഴയുമേറ്റ് റോഡിന്റെ ഇരുവശങ്ങളിലിരുന്നാണ് കച്ചവടം നടത്തുന്നത്. പച്ചക്കറികൾ,മത്സ്യ-മാംസ കച്ചവടം ഉൾപ്പെടെയാണ് ചന്തയിൽ കച്ചവടമുണ്ടായിരുന്നത്. ചന്ത പൊളിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മുഴുവൻ കച്ചവടക്കാരെയും പുറത്താക്കിയിരുന്നു.
കിഫ്‌ബി ഫണ്ടിൽ നിന്നും 2,65,73,000രൂപയാണ് ചന്ത നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. കച്ചവടക്കാരെ പുറത്താക്കി വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തികൾ മന്ദഗതിയിൽതന്നെയാണ്.
ചന്ത നവീകരണത്തിനായി അനുവദിച്ചത്
2,65,73,000രൂപ
പഞ്ചായത്തിനുള്ള വരുമാനവും നഷ്ടമായി
മുപ്പതോളം കടമുറികളും മത്സ്യവിപണന കേന്ദ്രവും ചെറുകിട വ്യാപാരങ്ങൾക്കുമായി നൂറു കണക്കിനോളം പേരാണ് ചന്തയിൽ കച്ചവടത്തിനായി എത്തിയിരുന്നത്. തറവാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ചന്തയിൽ നിന്നും പഞ്ചായത്തിന് വരുമാനമായി വർഷംതോറും ലഭിച്ചിരുന്നത്. ചന്തയിൽ കച്ചവടം നിർത്തിയതോടെ വാടക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന ലക്ഷകണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമായികൊണ്ടിരിക്കുന്നത്.
ചന്തയുടെ നിർമ്മാണം പൂർത്തീകരിച്ച് കച്ചവടം ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. വലിയ വാഹനങ്ങൾ പോകുന്ന റോഡിന്റെ ഇരുവശങ്ങളിൽ ഇരുന്ന് ഏറെ അപകടം പിടിച്ച രീതിയിലാണ് കച്ചവടം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |