റിപ്പോർട്ട് നൽകിയെന്ന് വില്ലേജ് ഓഫീസർ, എന്നാൽ കിട്ടിയിട്ടില്ലെന്ന് ആർ.ഡി.ഒ
പാലാ: നഗരസഭ മൂന്നാം വാർഡിൽ മാർക്കറ്റിംഗ് സൊസൈറ്റി ബിൽഡിംഗിന് സമീപത്തെ അനധികൃത പാടം നികത്തൽ വിവാദത്തിൽ പരസ്പരം പഴിചാരി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ. അനധികൃത മണ്ണിടീൽ സംബന്ധിച്ച് കഴിഞ്ഞ ജൂണിൽ തന്നെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് ളാലം വില്ലേജ് ഓഫീസറുടെ വിശദീകരണം. ലാൻഡ് റവന്യൂ തഹസിൽദാരും റിപ്പോർട്ട് കൈമാറിയിരുന്നുവെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ കൃഷി ഓഫീസറിൽ നിന്നും വില്ലേജ് ഓഫീസറിൽ നിന്നും റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പാലാ ആർ.ഡി.ഒയുടെ പ്രതികരണം. ളാലം വില്ലേജ് ഓഫീസിന് ഒരു മതിലിനപ്പുറം സിവിൽ സ്റ്റേഷനിലാണ് ആർ.ഡി.ഒ ഓഫീസ് പ്രവർത്തിക്കുന്നത്. നാലുമാസം മുമ്പ് ഗുരുതര നിയമലംഘനം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നുവെന്ന വില്ലേജ് അധികൃതരുടെയും എൽ.ആർ തഹസിൽദാരുടെയും വിശദീകരണം മുഖവിലയ്‌ക്കെടുത്താൽ ഇത് ആർ.ഡി.ഒ.യുടെ നിലപാടുമായി ചേരുന്നതല്ലെന്ന് വ്യക്തം.
അന്വേഷണം വേണമെന്ന് ആവശ്യം
റിപ്പോർട്ട് യഥാസമയം അയച്ചതാണെങ്കിൽ അത് ആർ.ഡി.ഒ ഓഫീസിൽ എന്തുകൊണ്ട് എത്തിയില്ല, റിപ്പോർട്ട് ലഭിച്ചതാണെങ്കിൽ എന്തുകൊണ്ട് തുടർനടപടി സ്വീകരിച്ചില്ല എന്ന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. റവന്യൂ വകുപ്പിന്റെ ആഭ്യന്തര നടപടിക്രമങ്ങൾ തന്നെ ഈ സംഭവത്തിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വീഴ്ച ഇവിടെ വ്യക്തം
ജൂണിൽ വില്ലേജ് ഓഫീസർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയെന്ന് വിശദീകരണം.
റിപ്പോർട്ട് കൈമാറിയെന്ന് എൽ.ആർ തഹസിൽദാറുടെ സ്ഥിരീകരണം.
രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മണ്ണിടൽ തുടർന്നു
പാലാ സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് തുടർനടപടി സ്വീകരിച്ചില്ല
വില്ലേജ്-കൃഷി ഓഫീസർമാരുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ആർ.ഡി.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |