
പത്തനംതിട്ട : ടി.കെ റോഡിലെ വാര്യാപുരം - പാലച്ചുവട് വളവുകളിൽ ചോരക്കറകൾ മായുന്നില്ല. തുടർച്ചയായ മൂന്ന് ദിവസം ഇവിടെ അപകടമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ വാര്യാപുരം ഇറക്കത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തശേഷം റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിലിടിച്ച് മറിഞ്ഞു. ശനിയാഴ്ച വൈകിട്ട് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. കഴിഞ്ഞദിവസം രാവിലെ ഗുഡ്സ് വാഹനം റോഡിൽ നിന്ന് തെന്നിമാറി അപകടമുണ്ടായി. ഉന്നതനിലവാരത്തിൽ ടാറിംഗ് നടത്തിയ റോഡിൽ അടുത്തിടെ എട്ട് അപകടമുണ്ടായി. ഒരു ജീവൻ നഷ്ടമായി. അപകടങ്ങൾ പെരുകുമ്പോഴും അധികൃതർ കണ്ണടക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.
വലിയ വളവും കുത്തനെ ഇറക്കവും
വലിയ വളവും കുത്തനെയുള്ള ഇറക്കവുമാണ് വാര്യാപുരം - പാലച്ചുവട് ഭാഗത്തെ അപകടകരമാക്കി മാറ്റുന്നത്. മഴപെയ്ത് മിനുസമാർന്ന റോഡിൽ തെന്നിമാറി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. നാലുമാസം മുമ്പ് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ട് പത്തടിയിലേറെ താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മുമ്പ് ചിറക്കാല റേഷൻ കട പടിക്കു സമീപം കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്കിന്റെ ഭാഗം ഊരി റോഡിൽ ഉരഞ്ഞ് തീപിടിച്ച് ഡീസൽ ടാങ്ക് കത്തി യാത്രക്കാർ പൊള്ളലേറ്റ് മരിച്ചത് വലിയ ദുരന്തമായിരുന്നു. സ്വകാര്യ ബസുമായി കൂട്ടിയിടിച്ച പൊലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് പ്രതി ഉൾപ്പെടെ നാല് പേർ മരിച്ചതും വാര്യാപുരത്താണ്.
10 കോടിയുടെ പദ്ധതി പാളി
2019ൽ വളവ് ഒഴിവാക്കാനായി ടണൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ നീക്കിവച്ചിരുന്നു. എന്നാൽ തുടർ നടപടികളൊന്നുമുണ്ടായില്ല. കുത്തനെയുള്ള ഇറക്കവും എസ് വളവും കാഴ്ച മറയ്ക്കുന്നതാണ് അപകടകാരണമാകുന്നത്.
അശാസ്ത്രീയമായ നിർമ്മാണവും ടാറിംഗിലെ അപാകതയുമാണ് നേരിയ മഴയിലും റോഡിൽ വഴുക്കൽ ഉണ്ടാകാൻ കാരണം. ഇവിടുത്തെ ട്രാൻസ്‌ഫോർമർ മൂന്നുതവണയും സംരക്ഷണവേലി നാലുതവണയും സമീപത്തെ വീടുകളുടെ സംരക്ഷണഭിത്തികൾ നിരവധി തവണയും വാഹനങ്ങൾ ഇടിച്ച് തകർന്നിട്ടുണ്ട്.
വിൻസൺ ചിറക്കാല,
(നാട്ടുകാരൻ)
ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയതിന്
ശേഷമുണ്ടായ അപകടങ്ങൾ : 8
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |