SignIn
Kerala Kaumudi Online
Saturday, 08 August 2026 3.25 AM IST

പെയ്‌തൊഴിയാതെ ദുരിതം!

as

കോട്ടയം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ ഇന്നലെ രാവിലെ മുതൽ വീണ്ടും മഴ ശക്തമായതോടെ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആശങ്ക വർദ്ധിച്ചു. തോരാതെ പെയ്യുന്ന മഴയും കിഴക്ക് നിന്നുള്ള വെള്ളത്തിന്റെ വരവും കൂടിയതോടെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയിരുന്നില്ലെങ്കിലും രാവിലെ മുതൽ തോരാമഴ പെയ്തതോടെ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു .ഇന്ന് ഓറഞ്ച് അലർട്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ ആഴ്ചയിൽ അവധി ഇല്ലാതിരുന്നത് ഇന്നലെ മാത്രമായിരുന്നു .

ബുധനാഴ്ച മഴയ്ക്ക് നേരിയ ശമനം ലഭിച്ചതിനെ തുടർന്ന് ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നെങ്കിലും, ഇന്നലെ വീണ്ടും മഴ ശക്തമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാനായില്ല. മഴ ഇനിയും തുടരുകയാണെങ്കിൽ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മീനച്ചിലാറിലും കൊടൂരാറിലും ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകൾ മാറിയതോടെ നിരവധി വീടുകളിൽ വളർത്തുമൃഗങ്ങൾ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട നിലയിലാണ്.
കോട്ടയം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളായ കുമരകം, ചെങ്ങളം, അയ്മനം, ആർപ്പൂക്കര, മണർകാട്, അയർക്കുന്നം, നീറിക്കാട്, തിരുവഞ്ചൂർ, നാലുമണിക്കാറ്റ്, പാറമ്പുഴ, മോസ്‌കോ, പനയക്കഴപ്പ്, പനമ്പാലം, താഴത്തങ്ങാടി, ഇല്ലിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.

പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. കുമരകം റോഡിൽ ബസ് സർവീസ് ആരംഭിച്ചെങ്കിലും ചെറുവാഹനങ്ങൾ കടന്നുപോകില്ല. കോട്ടയം നഗരത്തിലെ കോടിമത ബൈപ്പാസ്, എം.സി റോഡ്, ബോട്ട് ജെട്ടി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.ചങ്ങനാശേരി താലൂക്കിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. വൈക്കം താലൂക്കിലും സ്ഥിതി ഗുരുതരമാണ്. മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ വൈക്കത്തെയും തലയോലപ്പറമ്പ് മേഖലയിലെയും നിരവധി വീടുകളിൽ വെള്ളം കയറി. ഉൾപ്രദേശങ്ങളിലെ റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായി. കടുത്തുരുത്തി പഞ്ചായത്തിലെ എഴുമാന്തുരുത്ത് ഒറ്റപ്പെട്ടു. എഴുമാന്തുരുത്ത് ആയാംകുടി റോഡും വടയാർ റോഡും പൂർണമായും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL