
ന്യൂഡൽഹി: മുട്ടിൽ മരം മുറിയിലും അതുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിലും വെവ്വേറെ വിചാരണ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഒരു കേസിൽ വിധി പറഞ്ഞ ശേഷമാകണം അടുത്ത കേസിലെ വിചാരണ. അതിനായി ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള തട്ടിപ്പു കേസ്,മരംമുറി കേസുള്ള സുൽത്താൻ ബത്തേരി മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റണം. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾക്കെതിരെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
മരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിലെ കുറ്റപത്രം ഈമാസം 17ന് സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. റോജി അഗസ്റ്റിനു പുറമെ ആന്റോ അഗസ്റ്റിൻ,ജോസുകുട്ടി അഗസ്റ്റിൻ എന്നിവരും കേസുകളിൽ പ്രതികളാണ്. അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ആകെ 37 കേസുകളുണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ആറു മാസത്തിനകം ചോറ്റാനിക്കര കോടതിയുടെ പരിഗണനയിലുള്ള കേസിലെ വിചാരണ പൂർത്തിയാക്കാൻ സെപ്‌തംബർ 15ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
ആന്റോ അഗസ്റ്റിന് ജാമ്യം
കൊച്ചി: വയനാട്ടിലെ വീട്ടിൽ നിന്ന് അളവിൽക്കവിഞ്ഞ് വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിലയിരുത്തി.
തൊണ്ടിമുതലുകൾ കണ്ടെടുത്തതിനാൽ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാന വ്യവസ്ഥ. എല്ലാ ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
കോടതിയുടെ അനുമതിയില്ലാതെ കേരളത്തിന് പുറത്തുപോകാൻ പാടില്ല. മുട്ടിൽ ഗ്രാമപഞ്ചായത്തിലുള്ള വീട്ടിൽ നിന്ന് 43.850 ലിറ്റർ വിദേശമദ്യവും വിവിധയിനം വൈനുകളും എക്സൈസ് പിടികൂടിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |