SignIn
Kerala Kaumudi Online
Monday, 10 August 2026 3.49 AM IST

പുല്ലടിയിൽ വീണ്ടും കാട്ടാനയിറങ്ങി, ലക്ഷങ്ങളുടെ കൃഷിനാശം, കുടുംബങ്ങൾ ഭീതിയിൽ

kattana
പുല്ലടിയിലെ വി.എൻ തങ്കച്ചന്റെ കൃഷി ഭൂമിയിൽ കാട്ടാന കൃഷി നശിപ്പിച്ച നിലയിൽ

മാലോം: ബളാൽ പഞ്ചായത്ത് ആറാം വാർഡിലെ മാലോം പുല്ലടിയിൽ ഞായറാഴ്ച വെളുപ്പിന് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. പുല്ലടിയിലെ വി.എൻ തങ്കച്ചന്റെ കൃഷി ഭൂമിയിലാണ് ഞായറാഴ്ച വെളുപ്പിന് കാട്ടാന കൂട്ടം നാശം വിതച്ചത്. കുവുങ്ങ്, വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ ചവിട്ടി മെതിച്ച നിലയിലാണ്. കുറച്ചു ദിവസം മുമ്പും ആനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. പാടിയിലും കഴിഞ്ഞ ദിവസം രാവിലെ ആനയിറങ്ങിയിരുന്നു. മലയോര ഹൈവേയോട് ചേർന്നുള്ള പ്രദേശങ്ങളാണിത്.

കൊടുംചൂടിൽ തീറ്റ തേടി കാട്ടാനകൾ കൃഷിയിടത്തിലിറങ്ങിയതാണ് അന്ന് കുടുംബങ്ങൾ ഭീതിയിലായത്. മരുതോം വനമേഖലയോട് ചേർന്നുള്ള പുല്ലൊടിമലയിൽ മുമ്പ് ആനയിറങ്ങിയിരുന്നു. വാഴയാണ് പ്രധാനമായും നശിപ്പിച്ചത്. സമീപ ദിവസങ്ങളിൽ മലയോര ഹൈവേയിലും പല തവണ ആനയിറങ്ങിയത് യാത്രക്കാർ കണ്ടിരുന്നു. വീടുകൾക്ക് തൊട്ടടുത്തുവരെ ആന എത്തുന്നതാണ് താമസക്കാരെ ആശങ്കയിലാക്കുന്നത്.

കുഞ്ഞിരാമൻ നായർ മുല്ലച്ചേരി, ശശിധരൻ മുല്ലച്ചേരി, ശാരദ മുല്ലച്ചേരി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നേരത്തെ നഷ്ടമുണ്ടാക്കിയത്. രണ്ട് തെങ്ങും ഏതാനും കവുങ്ങിൻ തൈകളും നശിപ്പിച്ചു. ആനകളുടെ വഴിത്താരയെന്നും യാത്രക്കാർ സൂക്ഷിക്കണമെന്നും വനംവകുപ്പധികൃതർ ഹൈവേയിൽ മുന്നറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ട്.

മഴക്കാലത്തും രാത്രി വൈകുന്നതിന് മുൻപും പുലർകാലത്തുമെല്ലാം ആനകളെത്തി തുടങ്ങിയതോടെ രാത്രി ഹൈവേ വഴി പോകാനും വീട്ടു പരിസരത്തിറങ്ങാനും ഭയപ്പെടുകയാണ് ഇവടെയുള്ളവർ. ടാപ്പിംഗിന് പോകുമ്പോഴാണ് പാടിയിലെ യുവാവ് കഴിഞ്ഞ ദിവസം പുലർച്ചെ ആനയെ കണ്ടത്. ഉൾക്കാട്ടിൽ തീറ്റ കുറഞ്ഞതോടെയാണ് ആന പുറംകാട്ടിലും കൃഷിയിടത്തിലും ഇറങ്ങിത്തുടങ്ങിയത്. ആനകൾ വനത്തിന് പുറത്തിറങ്ങുന്നത് തടയാൻ സുരക്ഷിതമായ കമ്പിവേലി വേണമെന്നതാണ് മലയോര കർഷകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL