കണ്ണൂർ: വിമാനത്തിലെത്തി ബൈക്കിൽ ചുറ്റി ഹൈടെക് മോഷണം പതിവാക്കിയ വൻ അന്തർ സംസ്ഥാന കവർച്ചാ സംഘം പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സമീർ (22), മൊഹ്സിൻ (33), മുഹമ്മദ് സാജിദ് (34), മുഹമ്മദ് സാഹിൽ (22), മോനിഷ് (26) എന്നിവരാണ് അറസ്റ്റിലായത്. വൻ കവർച്ച ആസൂത്രണം ചെയ്ത പ്രതികളെ കണ്ണൂരിലെ ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്.
മോഷണം നടത്തുന്നതിനായി ഉത്തർപ്രദേശിൽ നിന്നും ബൈക്കുകൾ മുൻകൂട്ടി ട്രെയിനിൽ കയറ്റിയയച്ച ശേഷം വിമാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പറന്നിറങ്ങി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. കണ്ണൂർ, തൃശ്ശൂർ, ഏറണാകുളം പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. കളമശ്ശേരി, തൃശ്ശൂർ, കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിലെ പ്രധാനികൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഘത്തിലെ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നാണ് സൂചന.
തൃശ്ശൂരിൽ മോഷണശ്രമത്തിനിടെ സംഘത്തിലെ പ്രധാനികളിൽ ഒരാളായ ഉത്തർപ്രദേശ് ബാഗ്‌പേട്ട് സ്വദേശി റിഹാനെ (20) തൃശ്ശൂർ പൊലീസ് പിടികൂടിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചത്. തൃശ്ശൂർ പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ലോഡ്ജിൽ കളമശ്ശേരി, തൃശ്ശൂർ പൊലീസ് സംയുക്ത മിന്നൽ റെയ്ഡ് നടത്തി അവിടെ താമസിച്ചിരുന്ന അഞ്ച് പ്രതികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ കണ്ണൂരിലുണ്ടെന്ന വിവരം പുറത്തുവന്നത്.
തുടർന്ന് കണ്ണൂർ പൊലീസിന് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ച് പ്രതികൾ കൂടി പിടിയിലായത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തികിന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരവും കണ്ണൂർ ടൗൺ എ.സി.പി എം.പി ആസാദ്, കണ്ണൂർ ടൗൺ സി.ഐ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാക്കളെ പിടികൂടി വൻ കവർച്ചാ നീക്കം പൊളിച്ചത്.
ലൊക്കേഷൻ ഷെയർ ചെയ്ത് മോഷണം
നിർമാണം നടക്കുന്ന വീടുകൾ, കോപ്പർ സ്ട്രിപ്പുകളുള്ള വൻകിട ജനറേറ്ററുകൾ, ടെലിഫോൺ എക്‌സ്‌ചേഞ്ച് ബൂത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും മോഷണം നടത്തിയിരുന്നത്. പകൽ സമയങ്ങളിൽ മോഷണം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്തി ലൊക്കേഷൻ ഷെയർ ചെയ്താണ് കവർച്ച നടത്തി വന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ നിർമാണത്തൊഴിലാളികൾ ധരിക്കുന്ന ഹെൽമെറ്റും പ്രത്യേക വസ്ത്രങ്ങളുമാണ് ഇവർ കവർച്ചാ സമയങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |