SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.55 AM IST

അന്വേഷണക്കുരുക്കിൽ പിണറായി, റിയാസ്

READ ENGLISH VERSION
cartoon

തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ,​ മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസ്,​ വീണാവിജയൻ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണം സർക്കാർ പ്രഖ്യാപിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സി.പി.എം പ്രഖ്യാപനം.

സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി​ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം. എ.ഡി.ജി.പി എച്ച്. വെങ്കടേശിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. സംഘാംഗങ്ങളെ ഡി.ജി.പി നിശ്ചയിക്കും.

അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം. തെളിവുണ്ടെങ്കിൽ കേസെടുക്കും. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിവ് കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണവുമുണ്ടാകുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ 'കേരളകൗമുദി'യോട് പറഞ്ഞു.

മാസപ്പടി ആരോപണത്തിൽ വിജിലൻസിനും ദുബായിലേക്കുള്ള ഹവാലയിടപാടിൽ ക്രൈംബ്രാഞ്ചിനും പ്രാഥമികാന്വേഷണം നടത്താമെന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിന്റെ നിയമോപദേശം. ഇന്നലെ രാവിലെ 9.30ന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണ തീരുമാനമെടുത്തത്. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ഫോണിൽ സംസാരിച്ചു.

10.45ന് ഡി.ജി.പി റവാഡ ചന്ദ്രശേഖറിനെയും ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിനെയും ആഭ്യന്തരമന്ത്രി വിളിപ്പിച്ച് അന്വേഷണ വിവരമറിയിച്ചു. അഴിമതി നിരോധന നിയമം, ബി.എൻ.എസ്.എസ്, ബി.എൻ.എസ് അടക്കം ചുമത്തി കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇ.ഡി കത്ത്.

അന്വേഷണത്തിലെത്തിച്ച

ഇ.ഡി ആരോപണങ്ങൾ

1. സി.എം.ആർ.എല്ലുമായി 2017മാർച്ച് നാലിനും 2019മേയ് 18നുമിടയിൽ വീണാവിജയൻ നടത്തിയ 3.28 കോടിയുടെ പണമിടപാട് പിണറായിക്കു വേണ്ടിയുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡി കത്തിലെ ആരോപണം. എന്നാൽ,​ പിണറായിയെ ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവുകൾ കത്തിലില്ല. അതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൈക്കൂലിക്ക് തെളിവുകിട്ടിയാൽ വിജിലൻസ് കേസെടുക്കട്ടെയെന്നാണ് ആഭ്യന്തരവകുപ്പ് നിലപാട്.

2. ബിസിനസ് സ്ഥാപനങ്ങളും കമ്പനികളും ആരംഭിക്കുന്നതിനായി 25 കോടിയിലധികം രൂപയുടെ ഹവാല പണം ദുബായിലേക്ക് കടത്തിയെന്ന് ഇ.ഡി ആരോപണം. ഇതിന് മുഹമ്മദ് റിയാസിനെതിരെ ശക്തമായ തെളിവുണ്ട്. ഡിജിറ്റൽ രേഖകളും ഫോൺവിളികളുമടക്കം ഇ.ഡി കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

3. ദുബായിലേക്കുള്ള ഹവാലയിടപാട് പൊലീസല്ല, ഇ.ഡിയാണ് അന്വേഷിക്കേണ്ടതെന്ന് ഡി.ജി.പി നിലപാടെടുത്തു. ഇതിന്റെ രേഖകളെല്ലാം ഇ.ഡിയുടെ പക്കലുണ്ട്. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിൽ തെറ്രില്ലെന്നും വ്യക്തമാക്കി.

''ഇ.ഡിയുടെ കത്ത് സർക്കാരിന് അവഗണിക്കാനാവില്ല. പ്രാഥമികാന്വേഷണത്തിൽ കുറ്റം കണ്ടെത്താതെ എഫ്.ഐ.ആർ പാടില്ലെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്

-രമേശ് ചെന്നിത്തല,

ആഭ്യന്തര മന്ത്രി

English Summary

The government’s decision to order a Crime Branch preliminary inquiry into the alleged monthly payment and hawala transactions involving opposition leader Pinarayi Vijayan, former minister P. A. Mohammed Riyas, and Veena Vijayan has put the CPI(M) in a difficult political position.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: #KERALAPOLITICS #CRIMEBRANCH #PINARAYIVIJAYAN #MOHAMMEDRIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA